തെലങ്കാനയില്‍ 9 അതിഥിതൊഴിലാളികളുടെ മൃതദേഹം കിണറ്റില്‍; സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യയെന്ന് സംശയം

തെലങ്കാനയില്‍ 9 അതിഥിതൊഴിലാളികളുടെ മൃതദേഹം കിണറ്റില്‍; സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യയെന്ന് സംശയം

തെലങ്കാനയില്‍ അതിഥി തൊഴിലാളി കുടുംബങ്ങളിലെ ഒമ്പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലുള്ള ഗൊരേകുണ്ടയിലാണ് സംഭവം. കിണറ്റില്‍ നിന്ന് വ്യാഴാഴ്ച നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് തെരച്ചിലില്‍ അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയത്.

മരിച്ചവരില്‍ ആറ് പേര്‍ കുടുംബാംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളാണ്. മറ്റ് 3 പേര്‍ ത്രിപുര, ബിഹാര്‍ സ്വദേശികളുമാണ്. വാറങ്കലിലുള്ള ഒരു നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായ മുഹമ്മദ് മക്‌സൂദ് അലാം, ഇയാളുടെ ഭാര്യ നിഷ, 3 മക്കള്‍, കൊച്ചുമകന്‍, മറ്റൊരു തൊഴിലാളിയായ ത്രിപുര സ്വദേശിയായ ഷക്കീല്‍ അഹമ്മദ്, ബിഹാറില്‍ നിന്നെത്തിയ ശ്രീറാം, ശ്യാം എന്നിവരെയുമാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിഥിതൊഴിലാളികളുടേത് സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ ഇവര്‍ ബുദ്ധിമുട്ടിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ഇവരുടെ ദേഹത്ത് പരിക്ക് പറ്റിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് വാറങ്കല്‍ പൊലീസ് കമ്മീഷണര്‍ വി രവീന്ദര്‍ പറഞ്ഞു.

20 വര്‍ഷം മുമ്പാണ് മക്‌സൂദിന്റെ കുടുംബം ജോലിക്കായി വാറങ്കലിലെത്തിയത്. തൊഴിലാളികളെയും കുടുംബത്തെയും കാണാതായതിനെ തുടര്‍ന്ന് കമ്പനി ഉടമയടക്കം തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വിശദമായ പരിശോധനയില്‍ മറ്റുള്ളവരുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഒരു കുടുംബത്തിലുള്ള ആറ് പേരെ കൂടാതെ മറ്റ് 3 പേരും ഒരേ സ്ഥലത്ത് ആത്മഹത്യ ചെയ്യുമോ എന്നത് സംബന്ധിച്ച് അന്വേഷണണം നടക്കുകയാണെന്നും, സംശയാസ്പദമായ മരണത്തിന് കേസെടുത്തതായും പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ ആയിരുന്നുവെങ്കിലും തൊഴിലാളികളുടെ പക്കല്‍ ആവശ്യമായ ഭക്ഷണസാധനങ്ങളും, പണവുമുണ്ടായിരുന്നുവെന്നും, സഹായങ്ങളെത്തിച്ചിരുന്നുവെന്നും ഇവര്‍ ജോലി ചെയ്തിരുന്ന ജൂട്ട് മില്‍ ഉടമ ഭാസ്‌കര്‍ ഇന്ത്യന്‍എക്‌സ്പ്രസിനോട് പറഞ്ഞു. മില്‍ തുറക്കുന്നത് സംബന്ധിച്ച് സംസാരിക്കാനാണ് വ്യാഴാഴ്ച തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് പോയത്. അവരെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും ഭാസ്‌കര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in