'ഇന്ത്യ ജിഹാദികളുടെ പിടിയില്‍', ചാനലില്‍ സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സൂധീര്‍ ചൗധരിയുടെ വര്‍ഗീയ പ്രചരണം, കേസെടുത്ത് കേരള പൊലീസ്

'ഇന്ത്യ ജിഹാദികളുടെ പിടിയില്‍', ചാനലില്‍ സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സൂധീര്‍ ചൗധരിയുടെ വര്‍ഗീയ പ്രചരണം, കേസെടുത്ത് കേരള പൊലീസ്

ചാനല്‍ പരിപാടിക്കിടെ വര്‍ഗീയ പ്രചരണം നടത്തിയ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേസെടുത്ത് കേരള പൊലീസ്. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ പി ഗവാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂധീര്‍ ചൗധരിക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ച് 11ന് സീ ന്യൂസ് സംപ്രേഷണം ചെയ്ത ഡിഎന്‍എ എന്ന പരിപാടിയിലൂടെയായിരുന്നു വര്‍ഗീയ പ്രചരണം. വിവിധ തരം ജിഹാദുകള്‍ എന്ന പേരിലുള്ളതായിരുന്നു പരിപാടി. ഇന്ത്യയില്‍ വിവിധ തരം ജിഹാദുകള്‍ ഉണ്ടെന്നും, ജിഹാദ് ഇന്ത്യയെ വിഘടിപ്പിക്കുന്നവരുടെ കയ്യിലെ ആയുധമാണെന്നും പരിപാടിയില്‍ പറഞ്ഞിരുന്നു. മുസ്ലീം ജിഹാദ് എന്ന ആരോപണത്തെ ഡയഗ്രം വരച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.

'ജിഹാദ് രണ്ട് തരമുണ്ട്, കഠിനമായ ജിഹാദും, സൗമ്യമായ ജിഹാദും. ഇതിന് ശേഷം മാധ്യമ ജിഹാദ്. ഇതില്‍ പെയ്ഡ് ജേണലിസ്റ്റുകളെ വശത്താക്കി ഇസ്ലാമിനെ മഹത്വവല്‍ക്കരിക്കുകയാണ്. മറ്റൊരു ജിഹാദാണ് സിനിമ സംഗീതം എന്നിവ. ഇവ മുഗള്‍ കാലഘട്ടത്തെയും ഇസ്ലാമിനെയും ആകര്‍ഷകമാക്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മതേതരത്വ ജിഹാദാണ് മറ്റൊന്ന്. ഇതില്‍ ഇടത്, വലത്, കമ്യൂണിസ്റ്റ് ലിബറല്‍ നേതാക്കളെയും വ്യക്തികളെയും കൂടെ നിര്‍ത്തുന്നുണ്ട്. അടുത്തത് ജനസംഖ്യ ജിഹാദാണ്. ഇതിലൂടെ നാല് വിവാഹം കഴിക്കാനും, കഴിയുന്നത്ര കുട്ടികളെ ജനിപ്പിച്ച് ജനസംഖ്യ വര്‍ധിപ്പിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്.', പരിപാടിയില്‍ സുധീര്‍ ചൗധരി പറഞ്ഞു.

ചൗധരിയുടെ പരിപാടി മതസ്പര്‍ദ്ദ വളര്‍ത്തുന്നതും ഒരു മതവിഭാഗത്തിന് നേരെ കൃത്യമായി പക ഉണ്ടാക്കുന്നതും, അവഹേക്കുന്നതും, പരോക്ഷമായി കലാപാഹ്വാനം നടത്തുകയാണെന്നും ഗവാസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് ഭരണഘടനയുടെയും ഐടി ആക്ട്, കേബിള്‍ ടിവി റെഗുലേഷന്‍ ആക്ട് 2018 എന്നിവയുടെയും ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുധീര്‍ ചൗധരി ചാനല്‍ പരിപാടിക്കുമെതിരെ ഐപിസി 295 A പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരള പൊലീസിന്റെ നടപടിക്ക് പിന്നാലെ മറുപടിയുമായി സൂധീര്‍ ചൗധരി രംഗത്തെത്തി. തനിക്ക് ലഭിച്ച പുലിസ്റ്റര്‍ പുരസ്‌കാരം എന്നാണ് പരിഹാസ രൂപേണ എഫ്‌ഐആറിനെ ചൗധരി വിശേഷിപ്പിച്ചത്. ഇത് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് കപട മതേതര രീതികള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ സ്ഥാനം ജയിലിലായിരിക്കുമെന്ന സന്ദേശമാണെന്നും ചൗധരി ട്വീറ്റില്‍ ആരോപിക്കുന്നു. ചൗധരിയെ പിന്തുണച്ച് മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

The Cue
www.thecue.in