'കേരളത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നു', ട്വിറ്ററില്‍ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍

'കേരളത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നു', ട്വിറ്ററില്‍ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കിയതിന് പിന്നാലെ ട്വിറ്ററില്‍ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ അനുകൂലികള്‍. ഇടതുസര്‍ക്കാര്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നു (#LeftistsLootKeralaTemples) എന്ന ഹാഷ്ടാഗോടെയാണ് പ്രചരണം. ട്വിറ്ററില്‍ ട്രെന്‍ഡിങാണ് ഇപ്പോള്‍ ഹാഷ്ടാഗ്.

സംഘപരിവാര്‍ സംഘടനകളും നേതാക്കളുമുള്‍പ്പടെ പ്രചരണത്തിന്റെ ഭാഗമായിട്ടുണ്ട്. പണമുണ്ടാക്കുന്ന പശുക്കളായ് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത് നിര്‍ത്തുക, ഞങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡുകള്‍ വേണ്ട, പകല്‍വെളിച്ചത്തിലെ കൊള്ള നിര്‍ത്തുക എന്നിങ്ങനെയുള്ള ആഹ്വാനങ്ങളോടെയാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കമ്മ്യൂണിസ്റ്റുകള്‍ നിരീശ്വരവാദികളാണ് പക്ഷെ അവര്‍ക്ക് ഹിന്ദുക്ഷേത്രങ്ങളിലെ പണം വേണം. ക്ഷേത്രത്തിലെ പണം എടുത്ത്, കേരളത്തിലെ ഇടത് സര്‍ക്കാര്‍, ക്രിസ്ത്യന്‍ പള്ളികള്‍ക്കും, മസ്ജിദുകള്‍ക്കും നല്‍കുകയാണെന്ന ആരോപണവും സംഘപരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തുന്നുണ്ട്. കേരള സര്‍ക്കാരിനെതിരെ ഹിന്ദുക്കള്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും, ക്ഷേത്രങ്ങളെ സംരക്ഷിക്കുന്ന എന്നത് തങ്ങളുടെ കടമയാണെന്നുമുള്ള വര്‍ഗീയ പ്രചരണവുമായും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഗുരുവായൂര്‍ദേവസ്വം മാത്രമല്ല കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുള്ളത് എന്നുള്ള വസ്തുത നിലനില്‍ക്കെയാണ് ഈ വിദ്വേഷ പ്രചരണങ്ങള്‍ ഒരു വിഭാഗം ആഘോഷിക്കുന്നത്. രാജ്യത്തെ പല ക്ഷേത്രങ്ങളും കേന്ദ്രസര്‍ക്കാരിന്റെയോ അതാത് സംസ്ഥാന സര്‍ക്കാരുകളുടെയോ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, എല്‍കെ അദ്വാനി തുടങ്ങിയവര്‍ അംഗങ്ങളായ സോമനാഥ് ട്രസ്റ്റും ഇക്കൂട്ടത്തിലുണ്ട്.

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ഉള്‍പ്പെടുന്ന തിരുമല തിരുപ്പതി ദേവസ്വംബോര്‍ഡ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രാപേദേശ് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 19 കോടി രൂപയാണ്. ഷിര്‍ദ്ദിയിലെ ശ്രീ സായ്ബാബ സന്‍സ്താന്‍ ട്രസ്റ്റ് 51 കോടി രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ദേവസ്ഥാന്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള മഹാലക്ഷ്മി ക്ഷേത്രം മഹാരാഷ്ട്ര സര്‍ക്കാരിന് സംഭാവനയായി നല്‍കിയത് ഒന്നരകോടി രൂപയാണ്.

സോമനാഥ് ട്രസ്റ്റും അംബാജി മന്ദിറും ഒരു കോടി വീതവും, സ്വാമിനാരായണ ക്ഷേത്രം 1.88 കോടിയും ഗുജറാത്ത് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. അതുപോലെ ബിഹാറിലെ മഹാവിര്‍ മന്ദിര്‍ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. പഞ്ച്ഗുളയിലെ ശ്രീമാതാ മാന്‍സി ദേവി ക്ഷേത്രം ഹരിയാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കിയത് 10 കോടി രൂപയാണ്.

കേരളത്തില്‍ നടക്കുന്നത് അമ്പലങ്ങളെ കൊള്ളയടിക്കലാണെന്നുള്ള രീതിയില്‍ കുപ്രചരണം നടത്തി വിദ്വേഷം പ്രചരിപ്പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ഡോ നെല്‍സണ്‍ ജോസഫ് പറയുന്നത്. ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി നല്‍കിയത് നല്ലകാര്യമാണെന്നും, സഹായിക്കാനുള്ള അവരുടെ മനസിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡോ നെല്‍സണ്‍ പറയുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കേരളത്തിലെ ബിജെപി നേതാക്കളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നടപടി തെറ്റായി പോയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. ദേവസ്വത്തിന്റെ സ്വത്ത് ഭഗവാന്റേതാണെന്നും ബിജെപി നേതാക്കള്‍ വാദിക്കുന്നുണ്ട്.

'കേരളത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നു', ട്വിറ്ററില്‍ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍
'ഗുരുവായൂര്‍ ദേവസ്വം അഞ്ച് കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് തെറ്റ്'; കെ സുരേന്ദ്രന്‍

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം നല്‍കേണ്ടത് സര്‍ക്കാരിനല്ല, ലോക്ക് ഡൗണില്‍ വരുമാനം നഷ്ടപ്പെട്ട മറ്റ് ക്ഷേത്രങ്ങളിലെ ജീവനക്കാരെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ മണിയടിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിച്ചതെന്നും എംപി ആരോപിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും ദേവസ്വം ബോര്‍ഡ് സംഭാവന നല്‍കിയതിനെതിരെ രംഗത്ത് വന്നിരുന്നു. ക്ഷേത്രത്തിന്റെ പണം ക്ഷേത്ര ചെലവുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് തൃശൂര്‍ ജില്ല കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in