വിശാഖപട്ടണത്ത് വാതക ചോര്‍ച്ചയില്‍ മൂന്ന് മരണം, ആളുകള്‍ ബോധരഹിതരായി റോഡില്‍

വിശാഖപട്ടണത്ത് വാതക ചോര്‍ച്ചയില്‍ മൂന്ന് മരണം, ആളുകള്‍ ബോധരഹിതരായി റോഡില്‍

വിശാഖപട്ടണത്ത് എല്‍ജി പോളിമേഴ്‌സ് ഫാക്ടറിയില്‍ വാതകചോര്‍ച്ചയില്‍ മൂന്ന് മരണം. ആര്‍ആര്‍ വെങ്കിട്ടപ്പുരം ഗ്രാമത്തിലുള്ള അടച്ചിട്ട ഫാക്ടറി ഇന്നലെ തുറന്നതിന് പിന്നാലെയാണ് വാതക ചോര്‍ച്ചയുണ്ടായത്. 40 ദിവസത്തിന് ശേഷമാണ് ഫാക്ടറി തുറന്നത്. മനുഷ്യരും മൃഗങ്ങളും ഉള്‍പ്പെടെ റോഡില്‍ ബോധരഹിതരായി കിടക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതക ചോര്‍ച്ചയെന്നാണ് സമീപവാസികള്‍ പറയുന്നത്. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. സ്റ്റെറീന്‍ വാതകമാണ് ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരമാവധി ആളുകളെ വീടുകളില്‍ നിന്ന് പുറത്തെത്തിച്ചതായും ഇരുപത് ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായ സമീപവാസികള്‍ പുറത്തേക്കോടുകയായിരുന്നു. കുട്ടികളും വയോധികരും ഉള്‍പ്പെടെ റോഡില്‍ കുഴഞ്ഞുവീണെന്നും ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചതായും അസിസ്റ്റന്റ് കമ്മീഷണര്‍ സ്വരൂപ് റാണി പ്രതികരിച്ചു. തൊട്ടടുത്ത് നിരവധി പേര്‍ താമസിക്കുന്ന കോളനിയുണ്ട്. വാതക ചോര്‍ച്ച കാരണം പൊലീസിനും തുടക്കത്തില്‍ ഇവിടേക്ക് എത്താനായില്ലെന്ന് സ്വരൂപ് റാണി.

200ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ജില്ലാ കലക്ടര്‍ വിനയ് ചന്ദ് മാധ്യമങ്ങളെ അറിയിച്ചത്. പലരും വീട്ടില്‍ കുടുങ്ങിക്കിടപ്പാമെന്ന് പ്രദേശവാസികള്‍ അറിയിച്ചു. ഗോപാലപട്ടണം ഭാഗത്തേക്ക് ഇപ്പോള്‍ പോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in