അലനും താഹയുമായി ബന്ധമില്ല, എന്‍ഐഎ വാദത്തില്‍ പൊരുത്തക്കേടെന്ന് കസ്റ്റഡിയിലായ അഭിലാഷ്

അലനും താഹയുമായി ബന്ധമില്ല, എന്‍ഐഎ വാദത്തില്‍ പൊരുത്തക്കേടെന്ന് കസ്റ്റഡിയിലായ അഭിലാഷ്

മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമില്ലെന്നും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ വൈരുദ്ധ്യമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് പടച്ചേരി. പന്തിരാങ്കാവ് യുഎപിഎ കേസില്‍ പ്രതിരോധത്തിലായ എന്‍ഐഎ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ കൃത്രിമമായി തെളിവുണ്ടാക്കുകയാണെന്നും അഭിലാഷ്. അലനും താഹയും മാവോയിസ്റ്റുകളാണെന്നതിന് തെളിവില്ല. മുഖ്യമന്ത്രിയുടെ വാദവും അവര്‍ മാവോയിസ്റ്റുകളെന്നായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അലനെയും താഹയെയും ജയിലില്‍ സന്ദര്‍ശിച്ചിരുന്നതെന്നും അഭിലാഷ് പടച്ചേരി മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് സ്വദേശികളായ എല്‍ദോ, വിജിത്ത് എന്നിവര്‍ക്കൊപ്പമാണ് മാധ്യമപ്രവര്‍ത്തകനായ അഭിലാഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് വിട്ടയച്ച അഭിലാഷിനെ ശനിയാഴ്ച രാവിലെ മുതല്‍ വീണ്ടും ചോദ്യം ചെയ്യുകയാണ്. വിജിത്തും അഭിലാഷും സിപിഐ മാവോയിസ്റ്റ് സംഘടനയിലെ കണ്ണികളാണെന്നായിരുന്നു എന്‍ഐഎ വാര്‍ത്താക്കുറിപ്പ്.

തേജസ് ഓണ്‍ലൈന്‍ സബ് എഡിറ്ററും കണ്ണൂര്‍ സ്വദേശിയുമായ അഭിലാഷിനെ കോഴിക്കോട്ടെ വാടകവീട്ടിലെത്തിയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തിരുന്നത്. അഭിലാഷിന്റെയും ഭാര്യയുടെയും ഫോണുകളും എന്‍ഐഎ സംഘം എടുത്തുകൊണ്ടുപോയി. കസ്റ്റഡിയിലെടുത്ത വിവരം സുഹൃത്തുക്കളെയും മാധ്യമസ്ഥാപനത്തെയും അറിയിക്കാന്‍ എന്‍ഐഎ ടീം അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. നടക്കാവിലെ ക്യാമ്പ് ഓഫീസിലാണ് എല്‍ദോയെയും വിജിത്തിനെയും ചോദ്യം ചെയ്യുന്നത്. പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ സഹോദരന്‍ സിപി റഷീദ് താമസിക്കുന്ന വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ച് മുപ്പതോളം പൊലീസുകാര്‍ വീട്ടിലെത്തിയെന്ന് സിപി റഷീദ് ആരോപിച്ചു. ഇവിടെ നിന്ന് മൊബൈല്‍ ഫോണും ഇ റീഡറും ഉള്‍പ്പെടെ പൊലീസ് കൊണ്ടുപോയി.

Related Stories

No stories found.
The Cue
www.thecue.in