ആനകളും ആരവമില്ല, ഇത്തവണ അഞ്ച് പേരുടെ തൃശൂര്‍ പൂരം

ആനകളും ആരവമില്ല, ഇത്തവണ അഞ്ച് പേരുടെ തൃശൂര്‍ പൂരം

കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ആളും ആരവവുമില്ലാതെ തൃശൂര്‍ പൂരം. ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി പൂരം ചുരുക്കിയിരുന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടക്കും. ക്ഷേത്രങ്ങള്‍ അടച്ചിട്ടാണ് ചടങ്ങുകള്‍. ഒരു ആനയെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്താന്‍ പാറമേക്കാവ് ദേവസ്വം അനുമതി തേടിയിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണം കണക്കിലെടുത്ത് അനുമതി നല്‍കിയില്ല.

അഞ്ചാളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആനപ്പുറത്ത് പൂരദിനത്തില്‍ എഴുന്നള്ളിപ്പ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് പാറമേക്കാവ് ദേവസ്വം അപേക്ഷ നല്‍കിയത്. ആരോഗ്യവകുപ്പ് മുന്‍കരുതല്‍ പാലിച്ച് എഴുന്നള്ളിപ്പ് നടത്താമെന്നും ദേവസ്വം ഉറപ്പു നല്‍കിയിരുന്നു. പൂരം പൂര്‍ണമായി ഒഴിവാക്കാന്‍ മന്ത്രിതലത്തില്‍ ദേവസ്വം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ നേരത്തെ തീരുമാനമായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അഞ്ച് ആളുകളെ പങ്കെടുപ്പിച്ചായിരുന്നു കൊടിയേറ്റ്.

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ പത്ത് ക്ഷേത്രങ്ങളാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമാകാറുള്ളത്. മഠത്തില്‍വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട് ഉള്‍പ്പെടെ ചടങ്ങുകളാണ് കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ഉപേക്ഷിച്ചത്.

തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് താന്ത്രിക ചടങ്ങ് മാത്രമായി പൂരം ചുരുക്കുന്നത്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം തുടങ്ങാറുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in