പൊലീസ് നിരന്തരം മാനസിക സമ്മര്‍ദ്ദത്തിലാക്കി, പെണ്‍കുട്ടി ആകെ പേടിച്ചിരിപ്പാണ്; പാനൂര്‍ പീഡനക്കേസില്‍ ഗുരുതര ആരോപണവുമായി കുടുംബം

പൊലീസ് നിരന്തരം മാനസിക സമ്മര്‍ദ്ദത്തിലാക്കി, പെണ്‍കുട്ടി ആകെ പേടിച്ചിരിപ്പാണ്; പാനൂര്‍ പീഡനക്കേസില്‍ ഗുരുതര ആരോപണവുമായി കുടുംബം

കണ്ണൂര്‍ പാനൂര്‍ പാലത്തായി ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയായ നാലാം ക്ലാസുകാരിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കാന്‍ പൊലീസ് നിരന്തരം ശ്രമിച്ചതായി കുടുംബം. ബിജെപി നേതാവ് കൂടിയായ പ്രതി പദ്മരാജനെ അറസ്റ്റ് ചെയ്യാന്‍ ഒരു മാസത്തോളം വൈകിയതില്‍ പൊലീസിന്റെ വീഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് ബിജെപി പ്രസിഡന്റും പാര്‍ട്ടിയുടെ അധ്യാപക യൂണിയന്‍ ജില്ലാ ഭാരവാഹിയുമാണ് കെ.പത്മരാജന്‍. കോഴിക്കോട് ഉള്‍പ്പെടെ പല സ്ഥലങ്ങളില്‍ കുട്ടിയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിക്കുന്നു. ഏഷ്യാനെറ്റിനോടാണ് പ്രതികരണം.

കുടുംബത്തിന്റെ ആരോപണം

മെഡിക്കല്‍ കഴിഞ്ഞപ്പോള്‍ മട്ടന്നൂരില്‍ ജഡ്ജിയുടെ മുന്നില്‍ കുട്ടിയുടെ മൊഴി കൊടുത്തു. പിറ്റേദിവസം രാവിലെ സിഐ സാറും പൊലീസുകാരും വീട്ടിലെത്തി ചോദ്യം ചെയ്തു. പിന്നീട് സ്‌കൂളിലെത്തിച്ചു ചോദ്യം ചെയ്തു. പിറ്റേന്ന് കാലത്ത് ഡിവൈഎസ്പി സാര്‍ കുട്ടിയെ വിളിപ്പിച്ചു. രാവിലെ പോയി വൈകിട്ട് അഞ്ചരക്കാണ് തിരിച്ചെത്തുന്നത്. അതിന് ശേഷം കോഴിക്കോട് കൊണ്ടുപോണം എന്ന് പറഞ്ഞപ്പോള്‍ കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. കോഴിക്കോട് കൊണ്ടുപോയത് കുട്ടിക്ക് കൗണ്‍സിലിംഗ് കൊടുക്കാന്‍ വേണ്ടിയെന്നാണ് പറഞ്ഞത്. കുട്ടിക്ക് നീതി കിട്ടണം. കുട്ടി ആകെ പേടിച്ചിട്ടാണ് ഉള്ളത്

പ്രതി പത്മരാജനെ റിമാന്റ് ചെയ്ത് തലശേരി സബ് ജയിലിലേക്ക് മാറ്റി. കേസ് ആദ്യം അന്വേഷിച്ച സിഐ ശ്രീജിത്ത് അനാവശ്യമായ ഇടപെടല്‍ നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇദ്ദേഹത്തെ അന്വേഷണത്തില്‍ നിന്ന് മാറ്റിയിരുന്നു.

പ്രതി പദ്മരാജന്റെ വീടിന് നാല് കിലോമിറ്റര്‍ അകലെയുള്ള ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റുണ്ടായത്. ഒരു മാസമായി ഈ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ പത്മരാജന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒഴിവില്‍ പോവുകയായിരുന്നു.

സിപിഐഎം ജില്ലാ കമ്മിറ്റി പൊലീസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. പൊലീസിന് വീഴ്ചയുണ്ടോ എന്ന കാര്യത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് സിപിഐഎമ്മിന്റെ ആവശ്യം. സ്ഥലം എംഎല്‍എ കൂടിയായ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കൊവിഡ് കാരണം പ്രതിയുടെ അറസ്റ്റ് വൈകുന്നുവെന്നത് ന്യായീകരണമല്ലെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. ഡിജിപിയെയും മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് നിരാഹാര സമരം ആരംഭിച്ചിരുന്നു. സിപിഐഎം ബിജെപി ധാരണയെ തുടര്‍ന്നാണ് അറസ്റ്റ് വൈകിയതെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിക്കുന്നുണ്ട്. പോക്‌സ് കേസ് പ്രതിക്ക് ഒരു മാസത്തോളം നാട്ടില്‍ സംരക്ഷണമൊരുക്കാന്‍ ഭരണ നേതൃത്വത്തിന്റെ പിന്തുണയില്ലാതെ കഴിയില്ലെന്നാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in