‘റിസര്‍വ് ബാങ്കിനോട് ആവശ്യമുള്ള നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി’, വാചകം അടര്‍ത്തി തോമസ് ഐസക്കിനെതിരെ പ്രചരണം

‘റിസര്‍വ് ബാങ്കിനോട് ആവശ്യമുള്ള നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി’, വാചകം അടര്‍ത്തി തോമസ് ഐസക്കിനെതിരെ പ്രചരണം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്ന ചോദ്യത്തിന് ചാനല്‍ ചര്‍ച്ചയില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് നല്‍കിയ മറുപടിയിലെ ഒരു ഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി എത്ര പണം വേണമെങ്കിലും വായ്പയായി എടുക്കാം എന്ന വീഡിയോ ശകലം മാത്രം അടര്‍ത്തിയെടുത്താണ് കേരളാ ധനമമന്ത്രിയുടെ മണ്ടത്തരം എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്. കോവിഡ് പ്രതിസന്ധി നേരിടാന്‍ കമ്പോളത്തില്‍ നിന്ന് പണം എടുക്കേണ്ടതില്ലെന്നും അമേരിക്ക പ്രതിസന്ധി നേരിടാന്‍ ഫെഡറല്‍ റിസര്‍വ് ബോണ്ട് വാങ്ങുന്നത് പോലെ റിസര്‍വ് ബാങ്കിനെ ഉപയോഗപ്പെടുത്തണമെന്നായിരുന്നു ഡോ.തോമസ് ഐസക്കിന്റെ മറുപടി.

ഇന്ത്യയ്ക്ക് റിസര്‍വ്വ് ബാങ്കില്‍ നിന്നും എത്ര പണം വേണമെങ്കിലും വായ്പയായി എടുക്കാം. അവര്‍ ആവശ്യമുള്ള നോട്ട് അടിച്ചു തരും. കമ്മിപ്പണം അടിക്കുക എന്ന പ്രയോഗം മനസ്സില്‍ വച്ചുകൊണ്ട് ഗ്രാമ്യഭാഷയില്‍ സംസാരിച്ചെന്നേയുള്ളൂ എന്ന് തോമസ് ഐസക്ക്. ചിരിച്ചുകൊണ്ടാണ് പറയുന്നതും (ഇക്കാലത്ത് നോട്ട് അടിച്ചൊന്നും കൊടുക്കണ്ട. റിസര്‍വ്വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ കേന്ദ്രസര്‍ക്കാരിനു കൊടുക്കുന്ന തുക ബാധ്യതയായി എഴുതിയാല്‍ മാത്രം മതി. അതേസമയം, ആസ്തികളുടെ കോളത്തില്‍ ഇത്രയും തുകയ്ക്കുള്ള ബോണ്ടുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടിയതായും എഴുതണം. ആസ്തിയും ബാധ്യതയും തുല്യം. കണക്കെല്ലാം ക്ലിയര്‍). ആര്‍ക്കെങ്കിലും ഈ പറഞ്ഞത് മനസ്സിലായില്ലെങ്കിലോ എന്നു ചിന്തിച്ചു ഞാന്‍ അമേരിക്കയുടെ ഇപ്പോഴത്തെ സ്റ്റിമുലസ് പാക്കേജിനെക്കുറിച്ചൊക്കെ വിശദീകരിക്കുന്നുണ്ടെന്നും തോമസ് ഐസക്ക് വിശദീകരിക്കുന്നു.

മനോരമാ ന്യൂസ് ചര്‍ച്ചയില്‍ ധനമന്ത്രി പറഞ്ഞത്

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതല്‍ പണം വേണോ നോട്ട് അടക്കും. 90 ആയപ്പോള്‍ നയം മാറ്റി. ആര്‍ബിഐയില്‍ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളില്‍ നിന്ന് വേണം. മോണറ്റൈസ് ചെയ്യണം. ഇപ്പേള്‍ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? ഫെഡറല്‍ റിസര്‍വ് ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ റിസര്‍വ് ബാങ്കിനെ ഉപയോഗപ്പെടുത്തണം

കമ്മിപ്പണം അടിച്ചാല്‍ വിലക്കയറ്റം ഉണ്ടാവില്ലേ, ധനമന്ത്രി വിശദീകരിക്കുന്നു

മാന്ദ്യകാലത്ത് സര്‍ക്കാരുകളുടെ ചെലവ് ഗണ്യമായി ഉയര്‍ത്തേണ്ടിവരും. ചെലവ് ഉയരുമ്പോള്‍ അതനുസരിച്ച് വരുമാനം വര്‍ദ്ധിക്കില്ലല്ലോ. അപ്പോള്‍ ഈ കമ്മി എങ്ങനെ നികത്താം? ഇതിനുള്ള പരിഹാരമാണ് സര്‍ക്കാര്‍ കൂടുതല്‍ വായ്പയെടുക്കുക എന്നുള്ളത്. ബാങ്കുകള്‍പോലുളള ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുകയെന്ന ഒറ്റമാര്‍ഗ്ഗമേ സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ളൂ. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാം, അല്ലെങ്കില്‍ റിസര്‍വ്വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കാം. റിസര്‍വ്വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയെന്നത് പുതിയ പണം സൃഷ്ടിക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് സാമ്പത്തിക ശാസ്ത്രം ഇതിനെ വിളിക്കുന്നത് Monetisation of Debt എന്നാണ്.

പണ്ട് കേന്ദ്രസര്‍ക്കാര്‍ അവരുടെ കമ്മി നികത്താനുള്ള വായ്പയുടെ നല്ലപങ്കും റിസര്‍വ്വ് ബാങ്കില്‍ നിന്നാണ് എടുത്തുകൊണ്ടിരുന്നത്. നമ്മള്‍ സംസാര ഭാഷയില്‍ വിളിച്ചിരുന്നത് കമ്മിപ്പണം അടിക്കുക എന്നാണ്. എന്നാല്‍ നിയോലിബറല്‍ പരിഷ്‌കര്‍ത്താക്കള്‍ക്ക് ഇത് ചതുര്‍ത്ഥിയായിരുന്നു. അവരുടെ പ്രധാന വിമര്‍ശനം ഇങ്ങനെ ചെയ്യാന്‍ അനുവദിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് കമ്പോള അച്ചടക്കം ഉണ്ടാവില്ല. തന്നിഷ്ടപ്രകാരം എത്ര വേണമെങ്കിലും വായ്പയെടുക്കും. ഇങ്ങനെ കമ്മിപ്പണം അടിച്ചാല്‍ സമ്പദ്ഘടനയില്‍ പണലഭ്യത ഉയരും. ഇത് വിലക്കയറ്റത്തിന് ഇടയാക്കും. അതുകൊണ്ട് ഇത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥകള്‍ അവര്‍ ഉണ്ടാക്കി. കേന്ദ്രസര്‍ക്കാരിന് വായ്പയെടുക്കാം. പക്ഷെ, സംസ്ഥാന സര്‍ക്കാരുകളും കമ്പനികളുമെല്ലാം ചെയ്യുന്നതുപോലെ വായ്പാ കമ്പോളത്തില്‍ അഥവാ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. അങ്ങനെ ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്പോളത്തില്‍ നിന്നാണ് വായ്പയെടുക്കുന്നത്.

ഇത്രയായിക്കഴിഞ്ഞപ്പോള്‍ നിയോലിബറലുകള്‍ അടുത്ത അടവുപയറ്റി. കേന്ദ്രവും സംസ്ഥാനവും കമ്പോളത്തില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ സ്വകാര്യമേഖലയ്ക്ക് ലഭ്യമാകുന്ന വായ്പാ വിഭവങ്ങള്‍ കുറയും. ഇതിന്റെ ഫലമായി പലിശ നിരക്ക് ഉയരും. ഇത് സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് തടസ്സമാകും. അതുകൊണ്ട് കേന്ദ്രവും സംസ്ഥാനവും കമ്പോളത്തില്‍ നിന്നും വായ്പയെടുക്കുന്നതിന് നിയന്ത്രണം വേണം. അങ്ങനെ ഇരുവരും ദേശീയവരുമാനത്തിന്റെ മൂന്നു ശതമാനത്തിന് അപ്പുറം വായ്പയെടുക്കാന്‍ പാടില്ലെന്ന ധനഉത്തരവാദിത്ത നിയമവും പാസ്സാക്കി. ഇതാണ് ഇപ്പോഴത്തെ സ്ഥിതി.

അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ പകര്‍ച്ചവ്യാധിയുടെ ഫലമായി ഇടിത്തീപോലെ സമ്പദ്ഘടന അടച്ചുപൂട്ടപ്പെട്ടത്. സര്‍ക്കാരിന്റെ വരുമാനം ഇല്ലാതായി. ജനങ്ങള്‍ക്ക് വലിയതോതില്‍ ദുരിതാശ്വാസ സഹായം നല്‍കണം. തുടര്‍ന്ന് പകര്‍ച്ചവ്യാധി ദുര്‍ബലപ്പെടുന്നതനുസരിച്ച് സമ്പദ്ഘടനയുടെ ഉത്തേജനത്തിന് വലിയതോതില്‍ പണം മുതല്‍ മുടക്കണം. ഉദാഹരണത്തിന് അമേരിക്കയെ നോക്കൂ. 150 ലക്ഷം കോടിയാണ് അവരുടെ ദുരിതാശ്വാസ ഉത്തേജന പാക്കേജ്. ദേശീയ വരുമാനത്തിന്റെ 10 ശതമാനം വരുമിത്. ഇത്രയും വലിയ തുക അവര്‍ എവിടെനിന്ന് സമാഹരിക്കും?

ഇതാണ് ഇന്നലത്തെ മനോരമ ചര്‍ച്ചയിലെ അവതാരകന്‍ അയ്യപ്പദാസ് എന്നോട് ചോദിച്ചത്. കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ കമ്പോളത്തില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ആവശ്യമായ പണം കിട്ടുമോ? പോരാത്തതിന് വിദേശമൂലധനം ഇന്ത്യയില്‍ നിന്നും പിന്‍വലിഞ്ഞുകൊണ്ടിരിക്കുന്ന കാലവുമാണ്. സ്വാഭാവികമായും ഞാന്‍ അതിനു മറുപടി പറഞ്ഞു. എന്തിന് പണം കമ്പോളത്തില്‍ നിന്ന് എടുക്കണം? അമേരിക്ക എടുക്കുന്നത് അവരുടെ ഫെഡറല്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നാണ്. ഇന്ത്യയ്ക്ക് റിസര്‍വ്വ് ബാങ്കില്‍ നിന്നും എത്ര പണം വേണമെങ്കിലും വായ്പയായി എടുക്കാം. അവര്‍ ആവശ്യമുള്ള നോട്ട് അടിച്ചു തരും.

കമ്മിപ്പണം അടിക്കുക എന്ന പ്രയോഗം മനസ്സില്‍ വച്ചുകൊണ്ട് ഗ്രാമ്യഭാഷയില്‍ സംസാരിച്ചെന്നേയുള്ളൂ. ഞാന്‍ ചിരിച്ചുകൊണ്ടാണ് പറയുന്നതും (ഇക്കാലത്ത് നോട്ട് അടിച്ചൊന്നും കൊടുക്കണ്ട. റിസര്‍വ്വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ കേന്ദ്രസര്‍ക്കാരിനു കൊടുക്കുന്ന തുക ബാധ്യതയായി എഴുതിയാല്‍ മാത്രം മതി. അതേസമയം, ആസ്തികളുടെ കോളത്തില്‍ ഇത്രയും തുകയ്ക്കുള്ള ബോണ്ടുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടിയതായും എഴുതണം. ആസ്തിയും ബാധ്യതയും തുല്യം. കണക്കെല്ലാം ക്ലിയര്‍). ആര്‍ക്കെങ്കിലും ഈ പറഞ്ഞത് മനസ്സിലായില്ലെങ്കിലോ എന്നു ചിന്തിച്ചു ഞാന്‍ അമേരിക്കയുടെ ഇപ്പോഴത്തെ സ്റ്റിമുലസ് പാക്കേജിനെക്കുറിച്ചൊക്കെ വിശദീകരിക്കുന്നുണ്ട്.

കമ്മിപ്പണം അടിച്ചാല്‍ വിലക്കയറ്റം ഉണ്ടാവില്ലേയെന്ന് ശങ്കിക്കുന്നവരോട് പറയട്ടെ. ഇന്നത്തെ സാഹചര്യം മാന്ദ്യത്തിന്റേതാണ്. സ്വകാര്യ നിക്ഷേപകര്‍ വായ്പയേ എടുക്കുന്നില്ല. മാത്രമല്ല, ഇഷ്ടംപോലെ ധാന്യങ്ങള്‍ സ്റ്റോക്കുണ്ട്. വിദേശനാണയ ശേഖരമുണ്ട്. അതുകൊണ്ട് വിലക്കയറ്റത്തെ പേടിക്കണ്ട. ഇനി വിലക്കയറ്റമുണ്ടായാല്‍ പെട്രോളിന്മേലുള്ള നികുതി കുറച്ചാല്‍ മതി. പെട്രോളിന്റെ വില കുറയുമ്പോള്‍ പൊതുവിലക്കയറ്റത്തിനു ചെറിയൊരു കടിഞ്ഞാണാകും. ഇത് ചെയ്യുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ എംപി ഫണ്ട് പോലുള്ള എന്തെല്ലാം ചെലവുകള്‍ കുറയ്ക്കാന്‍ പറ്റുമെന്നാണ് ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ചാണകബുദ്ധി എന്നല്ലാതെ എന്താ പറയുക?

ചില വിവരദോഷികള്‍ക്ക് എന്റെ മൊത്തം നിലപാട് തമാശയായിട്ടാണ് തോന്നിയത്. അങ്ങനെ റിസര്‍വ്വ് ബാങ്കില്‍ നിന്നും നോട്ട് അച്ചടിച്ച് കേന്ദ്രസര്‍ക്കാരിന് കൊടുക്കുമെന്ന എന്റെ ഒരു വാചകം മാത്രം അടര്‍ത്തിമാറ്റി എന്തോ വലിയ അബദ്ധം ഞാന്‍ പറഞ്ഞൂവെന്ന മട്ടില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും എഴുതാന്‍ കാരണം കുറച്ച് സുഹൃത്തുക്കളെങ്കിലും എന്താ നിങ്ങള്‍ ഇങ്ങനെ പറഞ്ഞതെന്ന് വിളിച്ചു ചോദിച്ചതുകൊണ്ടാണ്.

Related Stories

No stories found.
logo
The Cue
www.thecue.in