കേരളത്തെ ലോകകേരളമായിക്കാണുന്ന, മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊള്ളുന്ന നയം തിരുത്താന്‍ പോകുന്നില്ല

കേരളത്തെ ലോകകേരളമായിക്കാണുന്ന, മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊള്ളുന്ന നയം തിരുത്താന്‍ പോകുന്നില്ല

Summary

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്ന് ലോകാരോഗ്യ ദിനമാണ്. നഴ്സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണയ്ക്കുക എന്നതാണ് ഈ ലോകാരോഗ്യ ദിനത്തിന്‍റെ മുദ്രാവാക്യമായി ലോകാരോഗ്യ സംഘടന കാണുന്നത്. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. നിപ വൈറസിനെതിരായ നമ്മുടെ പോരാട്ടത്തിന്‍റെ രക്തസാക്ഷിയാണ് ലിനി.

കോട്ടയത്ത് കൊറോണ ബാധിച്ച വയോധിക ദമ്പതികള്‍ക്ക് സുഖം പ്രാപിച്ചത് നമ്മുടെ ആരോഗ്യമേഖലയുടെ അഭിമാനകരമായ നേട്ടമാണ്. അവരെ ശുശ്രൂഷിക്കവെ വൈറസ് ബാധിച്ച് സ്റ്റാഫ് നഴ്സ് രേഷ്മ മോഹന്‍ദാസ് ചികിത്സയിലായിരുന്നു. രോഗം ഭേദമായി ആവശ്യത്തിന് നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം തിരിച്ചെത്തിയാല്‍ ഇനിയും കൊറോണ വാര്‍ഡില്‍ ജോലി ചെയ്യാന്‍ സന്നദ്ധയാണ് എന്ന രേഷ്മയുടെ വാക്കുകള്‍ നാം കേട്ടു.

കോട്ടയത്തു തന്നെയുള്ള മറ്റൊരു നഴ്സായ പാപ്പ ഹെന്‍ട്രി കോവിഡ് ബാധയുള്ള ഏതു ജില്ലയിലും പോയി ജോലി ചെയ്യാനുള്ള സന്നദ്ധത ആരോഗ്യമന്ത്രിയെ അറിയിക്കുന്നത് ഒരു മാധ്യമം തന്നെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നഴ്സുമാര്‍ നമുക്ക് നല്‍കുന്ന ഊര്‍ജത്തിന്‍റെയും കരുതലിന്‍റെയും ഉദാഹരണമാണ് ഇത്. അവര്‍ക്ക് അതേ കരുതല്‍ തിരിച്ചുനല്‍കാനുള്ള ചുമതല നമുക്കോരോരുത്തര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഡെല്‍ഹിയിലും മുംബൈയിലും കോവിഡ് രോഗം ബാധിച്ച നഴ്സുമാരെക്കുറിച്ച് നമുക്ക് ഉല്‍ക്കണ്ഠയുണ്ടാകുന്നത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് മനുഷ്യജീവന്‍ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ത്യാഗോജ്വലമായ പ്രവര്‍ത്തനത്തില്‍ നമുക്ക് അഭിമാനമുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്കും ഡല്‍ഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കും കേരളം കത്തയച്ചിട്ടുണ്ട് എന്ന കാര്യം ഇന്നലെത്തന്നെ പറഞ്ഞിരുന്നു.

ഇവിടെ ഒരുകാര്യം കൂടി അഭ്യര്‍ത്ഥിക്കുന്നത് ലോകത്താകെയുള്ള മലയാളിസമൂഹവും മലയാളി സംഘടനകളും അതാതു സ്ഥലങ്ങളില്‍ അവര്‍ക്ക് ഇടപെടാന്‍ പറ്റുന്ന എല്ലാ തലത്തിലും ഇടപെട്ടുകൊണ്ട് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കണം എന്നതാണ്.

ഇന്ന് 9 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോട്, മൂന്നുപേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഓരോരുത്തര്‍. ഇതില്‍ വിദേശത്തുനിന്നു വന്ന നാലുപേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേരും സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ച മൂന്നുപേരുമാണുള്ളത്. 12 പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ അഞ്ച്, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ഓരോന്നു വീതം. ഇതുവരെ 336 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 263 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,46,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് കേന്ദ്ര ഗവണ്‍മെന്‍റിന് അയച്ചുകൊടുക്കും.ഇന്ന് സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തില്‍ ചെറിയ കുറവു വന്നിട്ടുണ്ട്. 1745 ട്രക്കുകളാണ് തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്നുവന്നത്. ഇതില്‍ 43 എല്‍പിജി ടാങ്കറുകളും എല്‍പിജി സിലിണ്ടറുകളുമായുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ക്ഡൗണിനു മുമ്പ് ഒരുദിവസം 227 എല്‍പിജി ടാങ്കറുകള്‍ എത്തിയിരുന്നു. കൂടുതല്‍ ട്രക്കുകള്‍ സാധനങ്ങളുമായി എത്തുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തിന്‍റെ ഭക്ഷ്യ സ്റ്റോക്കില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല.

എന്നാല്‍, ഇനിയുള്ള ഘട്ടം മുന്നില്‍ കണ്ട് സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചരക്കുഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട് എന്നാണ് കാണുന്നത്.

കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വിഷു, ഈസ്റ്റര്‍ വിപണി സജീവമാകേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അധികമായി ഉല്‍പാദിപ്പിക്കപ്പെട്ട പച്ചക്കറി വിപണി കിട്ടാതെ പാഴാവുന്നത് കര്‍ഷകരെ സാരമായി ബാധിക്കും. അതുകൊണ്ട് കൃഷിവകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരണത്തിന് തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഈ വിപണികളെ പ്രയോജനപ്പെടുത്തണം.

കര്‍ഷകര്‍ക്ക് മാത്രമല്ല, സുരക്ഷിത പച്ചക്കറി സമൂഹത്തിന് ലഭ്യമാകുന്നതിനും ഇത് സഹായകമാകും. പഴം, പച്ചക്കറി വ്യാപാരികള്‍ തങ്ങള്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ളില്‍ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിക്കുന്നു.

കര്‍ണാടക അതിര്‍ത്തി കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. രോഗികളെ കടത്തിവിടും എന്ന് കേന്ദ്ര ഗവണ്‍മെന്‍റും പറഞ്ഞിട്ടുണ്ട്. അത് നടപ്പാകും എന്നാണ് കരുതുന്നത്.

ഭാരതപ്പുഴയില്‍നിന്ന് മണല്‍കടത്ത് വ്യാപകമായെന്ന് ഒരു വാര്‍ത്ത കണ്ടു. ലോക്ക്ഡൗണിന്‍റെ മറവില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായി ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് പരിശോധനകള്‍ തുടരുകയാണ്. 326 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 144 നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. മത്സ്യപരിശോധനയില്‍ ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിയത്. വളത്തിനുവെച്ച മത്സ്യമടക്കം നമുക്ക് ഭക്ഷണത്തിനായി ഇങ്ങോട്ടു കൊണ്ടുവരുന്ന കാഴ്ചയാണുള്ളത്. ഏതായാലും അത്തരത്തിലുള്ള മത്സ്യം പിടിച്ചെടുക്കുന്നതിനും നശിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും.

റേഷന്‍ വിതരണത്തില്‍ ചെറിയ പരാതി വന്നാല്‍ പോലും ഗൗരവമായി എടുക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഒരു സംഭവം ശ്രദ്ധയില്‍ പെട്ടു. ഒരു റേഷന്‍ ഷോപ്പില്‍ എത്തിയ ധാന്യത്തില്‍ കുറവുണ്ടായി. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണം. സ്റ്റോക്ക് കുറവ്, തൊഴിലാളികളുടെ അഭാവം, വാഹന ദൗര്‍ലഭ്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അതാതിടത്ത് ഇടപെട്ട് പരിഹരിക്കാന്‍ കഴിയണം എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

മൃഗശാലകള്‍ അണുവിമുക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം വളര്‍ത്തുമൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വീട്ടുകാര്‍ ശ്രദ്ധിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.

കമ്യൂണിറ്റി കിച്ചന്‍ ഏറെക്കുറെ പരാതികളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അക്കാര്യത്തില്‍ അനാവശ്യ മത്സരങ്ങള്‍ ഉണ്ടാകുന്നത് ദോഷകരമാണ്. പത്തനംതിട്ട ജില്ലയിലെ ഒരു വിവരം കേട്ടത് ഒമ്പത് സ്ഥലങ്ങളില്‍ മത്സര സ്വഭാവത്തോടെ സമാന്തര കിച്ചണുകള്‍ നടത്തുന്നു എന്നതാണ് റിപ്പോര്‍ട്ട്. ഇതിലൊന്നും മത്സരത്തിന്‍റെ കാര്യമില്ല. ആവശ്യത്തിനാണ് ഇടപെടല്‍ വേണ്ടത്. മത്സരം മൂലം ഭക്ഷണത്തില്‍ കുഴപ്പം വന്നാല്‍ സ്ഥിതി വഷളാകും. ഇക്കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം ഫലപ്രദമായി ഇടപെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഭക്ഷണവിതരണത്തിനുള്ള ചുമതല.

ചിലയിടങ്ങളില്‍ നിന്നും മരുന്ന് ക്ഷാമം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. മാനസികരോഗികള്‍ക്ക് മരുന്നു ലഭിക്കാതായതോടെ അക്രമാസക്തരാകുന്നതായി ഒരു വാര്‍ത്ത വന്നു. വൃക്കരോഗികളുടെ പ്രയാസം സംബന്ധിച്ചും വാര്‍ത്തയുണ്ട്. ഇത്തരം വിഷയങ്ങള്‍ ആരോഗ്യവകുപ്പും പൊലീസും ഫയര്‍ഫോഴ്സും ശ്രദ്ധിക്കുന്നുണ്ട്. ചിലത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാര്‍ത്ത കൊടുക്കുന്നതോടൊപ്പം തന്നെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും മാധ്യമങ്ങള്‍ തയ്യാറാകണം. ഇത് ഒരു അഭ്യര്‍ത്ഥനയാണ്.

അട്ടപ്പാടിയിലേക്ക് അയല്‍സംസ്ഥാനത്തു നിന്നും മദ്യം കടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ മുന്‍കൂട്ടിക്കണ്ട് ചില ഇടനിലക്കാര്‍ വാങ്ങിക്കൂട്ടിയ മദ്യം ചില നാട്ടുപാതകള്‍ വഴി കടത്തിക്കൊണ്ടുവന്നു വില്‍ക്കുന്നതായാണ് പരാതി. ഇതില്‍ ശക്തമായി ഇടപെടാന്‍ എക്സൈസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ നാട്ടിലെ ലൈബ്രറികളും വായനശാലകളും ശ്രമിക്കണം.

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ജവാډാരുടെ വിധവകള്‍ക്കുള്ള വര്‍ധിപ്പിച്ച പെന്‍ഷന്‍ മുടങ്ങി എന്ന പരാതി വന്നിട്ടുണ്ട്. അത് പരിശോധിച്ച് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.

മൊബൈല്‍ ഷോപ്പുകള്‍ ഒരുദിവസം തുറക്കാമെന്നു പറഞ്ഞിരുന്നു. ഞായറാഴ്ച തുറക്കണം എന്നാണ് തീരുമാനം.

വര്‍ക്ക്ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസമാണ് തുറക്കുക. ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍. ആ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും.

ഫാന്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ വാങ്ങാനും ഒരു ദിവസം കടകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

രജിസ്ട്രേഡ് ഇലക്ട്രീഷ്യډാര്‍ക്ക് വീടുകളില്‍ പോയി ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ഫ്ളാറ്റുകളില്‍ കേന്ദ്രീകൃത സംവിധാനമാണ്. അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നതിനും അനുമതി നല്‍കും.

കോവിഡിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എംപിമാരും ഉള്‍പ്പടെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാല്‍, എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ നടപടി പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്.

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം അസന്തുലിതവും വിവേചനപരവുമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപര്യാപ്തമാണിത്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നത് പ്രധാനമാണ്. ഇതിനുള്ള ഇടപെടലുകള്‍ സംസ്ഥാനത്ത് ചില എംപിമാര്‍ തുടങ്ങിവെച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനംമൂലം അതൊക്കെ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അതാത് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അത് കേന്ദ്ര സര്‍ക്കാരിന്‍റെ വിഭവ സമാഹരണത്തിന്‍റെ ഭാഗമാക്കുന്നത് ന്യായമല്ല. പ്രകൃതി ദുരന്തമാകട്ടെ പകര്‍ച്ച വ്യാധികളാകട്ടെ, ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഏറ്റവും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകേണ്ടത് വികേന്ദ്രീകൃതമായി പ്രാദേശിക തലത്തിലാണ്. കേരളത്തില്‍ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലുമെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖ്യ പങ്കാണ് വഹിച്ചിട്ടുള്ളത്.

ഇപ്പോള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും താഴെത്തട്ടില്‍ പ്രധാന ചുമതലകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രാദേശികമായി ചെയ്യേണ്ട പല പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന കൊടുക്കേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ ഫണ്ടിന്‍റെയും അടിയന്തരാവശ്യങ്ങള്‍ പ്രാദേശികമായിട്ടുണ്ട്. ഈ ഘട്ടത്തില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് തന്നെ നിരക്കാത്തതാണ്.

ഈ തീരുമാനം പുനഃപരിശോധിക്കണം. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഈ ഘട്ടത്തില്‍ പൂര്‍ണ്ണമായും കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങളില്‍ വിനിയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ അടിയന്തര സഹായത്തിനായി അഞ്ചുകോടി രൂപ ചെലവഴിക്കും. മാനേജ്മെന്‍റ് ഫണ്ടില്‍നിന്ന് ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് 10,000 രൂപ വീതം സഹായം നല്‍കും. ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും ക്ഷേത്രത്തിന് ഫണ്ടില്ലായ്മമൂലം ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്ര ജീവനക്കാരുണ്ടെങ്കിലും അവര്‍ക്കും ക്ഷേമനിധി മുഖേന 2500 രൂപ വീതം അനുവദിക്കും.

മലബാര്‍ ദേവസ്വംബോര്‍ഡില്‍നിന്നും സഹായം ലഭിക്കുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട ആചാരസ്ഥാനികള്‍, കോലധാരികള്‍, അന്തിത്തിരിയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് കുടിശ്ശികയില്‍നിന്ന് 3600 രൂപ വീതം നല്‍കും.

ഇരുപത് രൂപയ്ക്ക് ഊണ് നല്‍കുന്ന ആയിരം കുടുംബശ്രീ ജനകീയ ഹോട്ടല്‍ സംസ്ഥാനത്ത് 238 എണ്ണം ആരംഭിച്ചു കഴിഞ്ഞു. ഹോം ഡെലിവറി വഴി ഭക്ഷണം വിതരണം ചെയ്യുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് ഭക്ഷണം നല്‍കുന്നു.

സാക്ഷരതാ പ്രേരക്മാര്‍ക്കുള്ള ഓണറേറിയം സംസ്ഥാന സാക്ഷരതാ സമിതിയുടെ ഫണ്ടില്‍നിന്ന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അങ്കണവാടി ജീവനക്കാരും മറ്റുമായി 16.12 ലക്ഷം വയോധികരെ വിളിച്ച് ക്ഷേമം അന്വേഷിച്ചിട്ടുണ്ട്. അവരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൈമാറും.

നാനാ മേഖലകളിലും പ്രയാസങ്ങള്‍ തുടരുകയാണ്. ഓരോ വിഭാഗങ്ങളെ പ്രത്യേകിച്ച് പേരെടുത്തു പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്. കേരളത്തിലെ നിരവധി ആളുകള്‍ കപ്പലുകളിലെ ജീവനക്കാരായുണ്ട്. അവര്‍ക്ക് നിശ്ചിത സമയം കഴിഞ്ഞിട്ടും കടലില്‍ തന്നെ തുടരേണ്ടിവരുന്നു. പ്രയാസം സ്വാഭാവികമാണ്. പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമം നമുക്ക് ഉറപ്പുകൊടുക്കാം.

അലക്കുകാര്‍, മണ്‍പാത്ര തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍, കയര്‍ഫാക്ടറി തൊഴിലാളികള്‍, പൂക്കച്ചവടക്കാര്‍, പുഷ്പ കൃഷിക്കാര്‍, ബാര്‍ബര്‍മാര്‍, ബ്യൂട്ടീഷ്യന്മാര്‍, പത്ര ഏജന്‍റുമാര്‍, ഇസ്തിരി തൊഴിലാളികള്‍, പാരലല്‍ കോളേജ് അധ്യാപകര്‍- ഇവരൊക്കെ പ്രയാസങ്ങള്‍ അറിയിക്കുന്നുണ്ട്. എല്ലാവരെയും സഹായിക്കാനാണ് ശ്രമം. അതിന്‍റെ ഭാഗമായാണ് ക്ഷേമനിധികള്‍ പരമാവധി സഹായം നല്‍കുന്നത്. അര്‍ഹരായ വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരാനും അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.

മണ്‍പാത്ര തൊഴിലാളികള്‍ക്ക് മണ്ണ് എടുക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

സ്കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് മാര്‍ച്ച് മാസത്തെ മുഴുവന്‍ ദിവസത്തെ വേതനമായി 17 കോടി രൂപ വിതരണം ചെയ്യും. ആകെ 13,760 പേര്‍ക്ക് പ്രയോജനം ലഭിക്കും.

ചില സേവനങ്ങള്‍ സുത്യര്‍ഹമായ രീതിയില്‍ നടക്കുന്നുണ്ട് എന്ന കാര്യവും പരാമര്‍ശിച്ചുപോകേണ്ടതുണ്ട്. അതിലൊന്ന് എല്‍പിജി വിതരണമാണ്. സംസ്ഥാനത്ത് പാചക വാതക വിതരണം ലോക്ക്ഡൗണ്‍ കാലത്ത് ഒരിടത്തും മുടങ്ങിയിട്ടില്ല. അതുപോലെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍, പത്രസ്ഥാപനങ്ങളില്‍ പ്രിന്‍റിങ്, ഡെസ്പാച്ച് ജോലി ചെയ്യുന്നവര്‍, പത്രം വിതരണം ചെയ്യുന്നവര്‍ ഇവരുടെയൊക്കെ ഈ ലോക്ക്ഡൗണ്‍ കാലത്തെ സേവനം വിലമതിക്കേണ്ടതാണ്.

സഹായം

എംഎല്‍എ ആസ്തി വികസന നിധി, പ്രദേശിക വികസന നിധി എന്നിവ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്. എംഎല്‍എമാരായ വി എസ് അച്യുതാനന്ദന്‍, പി ജെ ജോസഫ്, രാജു എബ്രഹാം, പി ടി തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് സ്വന്തം നിയോജക മണ്ഡലത്തിലെ ആശുപത്രികളിലേക്ക് തുക ചെലവഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മരുന്ന്, വെന്‍റിലേറ്റര്‍, ആംബുലന്‍സ്, പിപിഇ കിറ്റ്, മാസ്കുകള്‍, സാനിറ്ററി ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ ഈ ശുപാര്‍ശകളിേډല്‍ ധനവകുപ്പ് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. എംഎല്‍എമാരുടെ ഈ മുന്‍കൈ അഭിനന്ദനാര്‍ഹമാണ്.

കിംസ് ആശുപത്രി, മാസ്കുകളും ആശുപത്രി സംവിധാനങ്ങളും മറ്റുമായി പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ വിവിധ ആശുപത്രികളില്‍ ഡിസ് ഇന്‍ഫെക്ഷന്‍ ഗേറ്റ്വേ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 65 ലക്ഷം രൂപ നല്‍കും എന്ന് അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്ല രീതിയില്‍ തന്നെ ലഭിക്കുന്നുണ്ട്. കോവിഡ്-19ന്‍റെ ഭാഗമായി ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18 ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി-അക്കൗണ്ട് നമ്പര്‍ 2 എന്ന പേരില്‍ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങും. ട്രഷറിയിലും ഇതേ പേരില്‍ ട്രഷറി സേവിങ്സ് അക്കൗണ്ട് തുടങ്ങും. മാര്‍ച്ച് 27 മുതല്‍ സിഎംഡിആര്‍എഫ് അക്കൗണ്ടുകളില്‍ ലഭിച്ച തുക ഈ പുതിയ അക്കൗണ്ടുകളിലേക്കാണ് മാറ്റുക. ഔദ്യോഗിക വെബ്സൈറ്റില്‍ പാന്‍ഡമിക് റിലീഫിനുവേണ്ടി പ്രത്യേക ലിങ്ക് ഉണ്ടാവും.

കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനായാസം സംഭാവന നല്‍കാനും ആ പ്രത്യേക ആവശ്യത്തിനുവേണ്ടിയുള്ള വിനിയോഗം സാധ്യമാക്കാനുമാണ് ഈ മാറ്റങ്ങള്‍. ഫണ്ട് സ്വീകരിക്കുന്ന രീതിയില്‍ മാറ്റങ്ങളൊന്നുമില്ല.

ദുരിതാശ്വാസ നിധി

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന്‍, മുംബൈ രണ്ടുകോടി.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഒരുകോടി.

കല്യാണ്‍ സില്‍ക്ക്സ് ഒരു കോടി.

കിംസ് ആശുപത്രി ഒരുകോടി രൂപ.

തിരൂര്‍ അര്‍ബന്‍ ബാങ്ക് 67.15 ലക്ഷം.

കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് 52 ലക്ഷം.

സിനിമാ നടന്‍ മോഹന്‍ലാല്‍ 50 ലക്ഷം.

മുന്‍ നിയമസഭാ അംഗങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ തുക.

മയ്യനാട് റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് 40 ലക്ഷം.

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം.

അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് 25 ലക്ഷം.

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് 25 ലക്ഷം.

പിഡബ്ല്യുഡി ഇറിഗേഷന്‍ ആന്‍റ് എല്‍എസ്ജിഡി എംപ്ലോയീസ് കോര്‍പ്പറേഷന്‍ സൊസൈറ്റി - പബ്ലിക് ഓഫീസ് തിരുവനന്തപുരം 25 ലക്ഷം.

കണ്ണൂര്‍ പുഴാതി സര്‍വ്വീസ് സഹകരണ ബേങ്ക് 12,70,700 രൂപ.

കണ്ണൂര്‍ ബിഎസ്എന്‍എല്‍ എംപ്ലോയിസ് സൊസൈറ്റി 10 ലക്ഷം.

കണ്ണൂര്‍ ചാല സര്‍വ്വീസ് സഹകരണ ബേങ്ക് 11,39,500.

കണ്ണൂര്‍ കാപ്പാട് സര്‍വ്വീസ് സഹകരണ ബേങ്ക് 10,23,730.

കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ മൗവ്വഞ്ചേരി റൂറല്‍ ബേങ്ക് യൂണിറ്റ് 32,35,177.

കണ്ണൂര്‍ മൗവ്വഞ്ചേരി റൂറല്‍ ബേങ്ക് 10,00,000.

മുല്ലപ്പള്ളി രാമചന്ദ്രനുള്ള മറുപടി

കഴിഞ്ഞ ദിവസം നടത്തിയ പ്രവാസി പ്രമുഖരുമായുള്ള ചര്‍ച്ച പ്രഹസനമാണ് എന്ന് കെപിസിസി പ്രസിഡന്‍റ് പ്രസ്താവിച്ചതായി കണ്ടു. അദ്ദേഹം കഥയറിയാതെ ആട്ടം കാണുകയാണ്.

ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖര്‍ പലരും അതിലുണ്ടായിരുന്നു. സാധാരണക്കാരും സംഘടനാ നേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരുമൊക്കെ. ആദ്യഘട്ടത്തില്‍ അതത് പ്രദേശങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അവരവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടും ലോകകേരളസഭ അംഗങ്ങള്‍ക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. അതിനുശേഷമാണ് വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുള്ളവരും അതത് രാജ്യങ്ങളില്‍ ഇടപെടാന്‍ പറ്റുന്നവരുമായ 20 രാജ്യങ്ങളിലെ 40ഓളം പേരുമായി വീഡിയോ കോണ്‍ഫറസ് നടത്തിയത്. പങ്കെടുത്ത ആളുകളുടെ ചില പേരുകള്‍ ഞാന്‍ വായിക്കാം.

മുരളി തുമ്മാരുകുടി (സ്വിറ്റ്സര്‍ലന്‍റ്), സൂരജ് അത്തിപ്പറ്റ (കാനഡ), ചൈതന്യ ഉണ്ണി, വി എസ് ഉമേഷ്കുമാര്‍ (ആസ്ട്രേലിയ), ഡോ. ബോബന്‍ മേനോന്‍ (ഉക്രൈന്‍), അനിത പുല്ലയില്‍ (ഇറ്റലി), ടി ഹരിദാസ്, എസ് ശ്രീകുമാര്‍ (യുകെ), നിസാര്‍ എടത്തുംമിത്തല്‍ (ഹെയ്ത്തി), രവി ഭാസ്കര്‍ (ബ്രൂണെ), സജിത് ചന്ദ്രന്‍ (മാലിദ്വീപ്), ഇന്ദുവര്‍മ (ബംഗ്ലാദേശ്), ജിഷ്ണു മാധവന്‍, അബ്ദുള്ള ബാവ (ജപ്പാന്‍), എം ജേക്കബ് (ജോര്‍ജിയ), ഡോ. എം അനിരുദ്ധന്‍, ഷിബുപിള്ള, അനുപമ വെങ്കിടേശ്വരന്‍, മാധവന്‍പിള്ള (അമേരിക്ക), പി സുബൈര്‍, പി വി രാധാകൃഷ്ണപിള്ള, വര്‍ഗീസ് കുര്യന്‍ (ബഹ്റൈന്‍), സാം പൈനിമൂട്, എന്‍ അജിത്കുമാര്‍ (കുവൈത്ത്), ജെ കെ മേനോന്‍, സി വി റപ്പായി (ഖത്തര്‍), പി എം ജാബിര്‍ (ഒമാന്‍), ജോര്‍ജ് വര്‍ഗീസ്, അബ്ദുള്‍ റൗഫ് (സൗദി അറേബ്യ), ബീരാന്‍കുട്ടി, അന്‍വര്‍ നഹ, പ്രശാന്ത് മാങ്ങാട്ട്, പ്രമോദ് മങ്ങാട്ട്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഒ വി മുസ്തഫ, ആശാ ശരത്, രവിപിള്ള, ആസാദ് മൂപ്പന്‍, എം എ യൂസഫലി (യുഎഇ).

ഇതില്‍ ആരാണ് അസ്പൃശ്യര്‍; കേരളത്തിന് സംസാരിക്കാന്‍ പറ്റാത്ത അതിസമ്പന്നര്‍ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കട്ടെ. പ്രവാസലോകത്ത് കേരളീയര്‍ക്കുവേണ്ടി ഇടപെടല്‍ നടത്തുന്നവല്ലേ ഇവര്‍?

പ്രവാസി സ്നേഹിതന്‍മാര്‍ക്ക് കരുതലേകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വിദേശത്തുള്ള പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചത്. അതിനെപ്പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടത്.

ഒരോ രാജ്യത്തിലെയും അതത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി, സന്നദ്ധ സംഘടനകളുമായും പ്രമുഖ വ്യക്തികളുമായും ആശയവിനിമയം നടത്തി കോവിഡ്-19 പ്രതിരോധത്തിനായുള്ള ടാസ്ക് ഫോഴ്സിന് രൂപം നല്‍കാനും അതിന് കീഴില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും ആവശ്യപ്പെട്ടു. അതിനായി രാഷ്ട്രീയ സാമൂഹ്യ ഭേദമില്ലാതെ അതത് രാജ്യത്തെ മുഴുവന്‍ സംഘടനകളെയും സന്നദ്ധ പ്രവര്‍ത്തകരെയും അതത് രാജ്യത്തിന്‍റെ നിയമാവലിക്കുള്ളില്‍ നിന്നുകൊണ്ട് അണിനിരത്തുന്നതിനുവേണ്ടിയാണ് ആ യോഗത്തില്‍ ആവശ്യപ്പെട്ടത്. അതത് പ്രദേശങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടുവാനും ആവശ്യപ്പെട്ടു.

ഒരോ പ്രദേശത്തെയും നമ്മുടെ പ്രവാസികള്‍ അധിവസിക്കുന്ന സ്ഥലങ്ങള്‍, ബാച്ലര്‍ അക്കോമഡേഷന്‍ കേന്ദ്രങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, ഫ്ളാറ്റുകള്‍, വില്ലകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരില്‍ ഇതിനകം രോഗം പിടിപെട്ടവര്‍, ആശുപത്രികളില്‍ കഴിയുന്നവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, രോഗബാധയ്ക്ക് വിധേയരാവാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനും, അവരെ സഹായിക്കാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കാനുമാണ് ആ യോഗത്തില്‍ ആവശ്യപ്പെട്ടത്.

നിരീക്ഷണത്തിന് വിധേയമായി ഐസോലേഷനില്‍ കഴിയേണ്ടവര്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുന്നതിനും അതത് രാജ്യത്തെ ആരോഗ്യ പ്രോട്ടോകോള്‍ അനുസരിച്ച് വൈദ്യസഹായവും മരുന്നും ഭക്ഷണവും ലഭ്യമാക്കുന്നതിനും കണ്‍ട്രോള്‍ റൂം ഒരുക്കുന്നതിനും നേതൃപരമായ പങ്കുവഹിക്കണം എന്നുമാണ് പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആവശ്യപ്പെട്ടത്. ഇതിനെല്ലാം നല്ല ഫലം കാണുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനെയാണ് രാമചന്ദ്രന്‍ ആക്ഷേപിക്കുന്നതായി കണ്ടത്. ഇത്രയും ഇടുങ്ങിയ മനസ്ഥിതി ഒരു ദുരന്തമുഖത്തുവെച്ചെങ്കിലും ഒഴിവാക്കാമായിരുന്നു. അതുകൊണ്ട് തന്നെ അത്തരം പരാമര്‍ശങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയാണ്.

ഒരു കാര്യം വ്യക്തമാക്കിയേക്കാം. അത് മുല്ലപ്പള്ളി രാമചന്ദ്രനോട് കൂടിയാണ്. നിങ്ങളുടെ വിമര്‍ശനം കേട്ട് കേരളത്തെ ലോകകേരളമായിക്കാണുന്ന, മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊള്ളുന്ന നയം തിരുത്താന്‍ പോകുന്നില്ല. കാരണം നമ്മള്‍ എത്രമാത്രം കേരളീയരാണോ അത്രമാത്രമോ, അതില്‍ കൂടുതലോ കേരളീയരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in