‘കല കലയ്ക്ക് വേണ്ടി മാത്രമുള്ളതല്ല, അതൊരു പ്രതിഷേധം കൂടിയാണ്’; ഡോ. ബിജു  

‘കല കലയ്ക്ക് വേണ്ടി മാത്രമുള്ളതല്ല, അതൊരു പ്രതിഷേധം കൂടിയാണ്’; ഡോ. ബിജു  

കല കലയ്ക്ക് വേണ്ടി മാത്രമുള്ളതല്ല, അത് രാഷ്ട്രീയവും, പ്രതിഷേധ മാര്‍ഗവും കൂടിയാണെന്ന് സംവിധായകന്‍ ഡോ. ബിജു‍. നിരാഹാര സമരത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് ഉള്‍പ്പടെയുള്ളവര്‍, കല എന്നത് അവകാശ പോരാട്ടങ്ങള്‍ക്കും, മനുഷ്യാവകാശം സംരക്ഷിക്കാനും കൂടിയുള്ളതാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡോ. ബിജു പറയുന്നു.

'കല എന്നത് മാനവികത കൂടിയാണ് എന്ന് നമ്മെ പഠിപ്പിക്കുന്നു ഇവര്‍. കല എന്നത് പോരാട്ടം കൂടിയാണെന്ന് കാട്ടിത്തരുന്നു. ഇങ്ങനെയുള്ള കലാകാരന്മാര്‍ കൂടി ചേര്‍ന്നതാണ് ലോകം എന്നതാണ് ഈ ലോകത്തിന്റെ സൗന്ദര്യം ഇപ്പോഴും നിലനിര്‍ത്തുന്നത്. ഇങ്ങനെയുള്ള മനുഷ്യരുടെ പോരാട്ടങ്ങള്‍ നോക്കി കാണുമ്പോഴാണ് നമ്മുടെ രാഷ്ട്രീയവും മാനവികം ആകുന്നത്.' - ഡോ. ബിജു കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കല കലയ്ക്ക് വേണ്ടി മാത്രമുള്ളതല്ല. അത് രാഷ്ട്രീയം കൂടി ആണ് , അത് ഒരു പ്രതിഷേധ മാര്‍ഗ്ഗം കൂടിയാണ് , അത് ഒരു സമരം കൂടിയാണ് .കല ജീവിതത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു എലൈറ്റ് രൂപം അല്ല. കലാകാരന്‍/ കലാകാരി എന്നത് ഈ ലോകത്തോടൊപ്പം നടക്കുന്ന ഒരാള്‍ തന്നെയാണ് . ഭരണകൂടങ്ങളുടെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ചിട്ടുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഈ ലോകത്തുണ്ടായിട്ടുണ്ട്. പാടാനുള്ള സ്വാതന്ത്ര്യത്തിനായി, മനുഷ്യാവകാശത്തിനുള്ള പോരാട്ടത്തിനായി, തുര്‍ക്കിയിലെ ഏകാധിപതിയായ പ്രസിഡന്റ്റ് എര്‍ദോഗാന്റെ ഭരണകൂടത്തിനെതിരെ 288 ദിവസം നിരാഹാരം അനുഷ്ടിച്ച 28 വയസ്സ് മാത്രം പ്രായമുള്ള വിപ്ലവ ഗായിക ഹെലിന്‍ ബോലെക് കഴിഞ്ഞ ദിവസം രക്തസാക്ഷിത്വം വരിച്ചു.

തുര്‍ക്കിയിലെ ഏറെ പ്രശസ്തമായ ഇടതു പക്ഷ ആഭിമുഖ്യം ഉള്ള ബാന്‍ഡ് ആണ് 1985 ല്‍ ആരംഭിച്ച ഗ്രുപ് യോറും എന്ന ബാന്‍ഡ്. ഈ ബാന്‍ഡിന്റെ കണ്‍സേര്‍ട്ടുകളും ആല്‍ബങ്ങളും പല തവണ ടര്‍ക്കിഷ് ഭരണകൂടം നിരോധിച്ചിട്ടുണ്ട്. ബാന്‍ഡ് സംഘത്തിലെ കലാകാരന്മാരില്‍ പലരെയും അറസ്റ്റ് ചെയ്യുകയും ക്രൂരമായി പീഢിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

1985 ല്‍ മര്‍മാരാ യൂണിവേഴ്സിറ്റിയിലെ 4 പേര് ചേര്‍ന്നാണ് ഈ മ്യുസിക് ബാന്‍ഡ് ആരംഭിച്ചത്. ടര്‍ക്കിഷ്, കുര്‍ദിഷ് നാടന്‍ പാട്ടുകള്‍ സമന്വയിപ്പിച്ചാണ് ബാന്‍ഡ് സംഘം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടര്‍ക്കിഷ്, കുര്‍ദിഷ് വിഭാഗങ്ങളിലെ ഇടത് ആഭിമുഖ്യമുള്ള യുവാക്കളും വിദ്യാര്‍ത്ഥികളും അടങ്ങിയ ഒരു വലിയ ആസ്വാദക വൃന്ദം ഗ്രുപ് യോറുമിന് ആരാധകരായി ഉണ്ടായിരുന്നു. ടര്‍ക്കിയിലെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ആയ റെവല്യൂഷനറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട് എന്നാരോപിച്ചു ഈ ബാന്‍ഡിനെ തുര്‍ക്കി സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചിരുന്നു. തുര്‍ക്കി സര്‍ക്കാര്‍ തുര്‍ക്കിയിലെ 12 തീവ്രവാദ സംഘടനകളില്‍ ഒന്നായാണ് റെവല്യൂഷനറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രുപ് യോറും ആലപിച്ചിരുന്ന ഗാനങ്ങളില്‍ പലതും മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അമേരിക്കയ്ക്കും, എതിരെ ഉള്ളതായിരുന്നു. പാവപ്പെട്ട ജനങ്ങളോടുള്ള തുര്‍ക്കി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായുള്ള പാട്ടുകളും ഗ്രുപ് യോറും പാടിയിരുന്നു. കുര്‍ദിഷുകളോടുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുര്‍ക്കിയില്‍ ധാരാളമായുണ്ട്. 1980 ലെ കുര്‍ദിഷുകള്‍ക്കെതിരായ പട്ടാള നീക്കത്തിന് ശേഷം ടര്‍ക്കിയില്‍ കുര്‍ദിഷ് ഭാഷ ടര്‍ക്കി ഗവണ്‍മെന്റ് ഔദ്യോഗികം ആയി നിരോധിച്ചു. കുര്‍ദിഷ് ഭാഷ സംസാരിക്കുന്നതും പാട്ട് പാടുന്നതും ടര്‍ക്കി സര്‍ക്കാര്‍ കുറ്റകരമായി കണക്കാക്കുന്നു. പക്ഷെ ഗ്രുപ് യോറും പലപ്പോഴും തങ്ങളുടെ പാട്ടുകള്‍ പാടിയിരുന്നത് കുര്‍ദിഷ് ഭാഷയില്‍ കൂടി ആയിരുന്നു. ടര്‍ക്കിയിലെ കുര്‍ദിഷുകളുടെ അവകാശങ്ങള്‍ക്ക് ഗ്രുപ് യോറും അനുഭാവം പ്രകടിപ്പിച്ചിരുന്നു. കുര്‍ദിഷ് കലാകാരന്മാര്‍ കൂടി അടങ്ങിയത് ആയിരുന്നു ഈ ബാന്‍ഡ് സംഘം.

ഗ്രുപ് യോറും സ്ഥാപിച്ചത് മുതല്‍ ഇന്നേ വരെ ഏതാണ്ട് 400 ല്‍ ഏറെ തവണ അതിലെ കലാകാരന്മാരെ അറസ്റ്റ് ചെയ്യുകയും രാഷ്ട്രീയ തടവിന് വിധിക്കുകയും ചെയ്തിട്ടുണ്ട്.നിരവധി തവണ ബാന്‍ഡിന്റെ ആല്‍ബങ്ങള്‍ കണ്ടു കെട്ടുകയും കണ്‍സേര്‍ട്ടുകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട് ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കിടയിലും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും പ്രാചാരവും പ്രശസ്തിയുമുള്ള ബാന്‍ഡ് ആയി മാറി ഗ്രുപ് യോറും. 2010 ജൂണ്‍ 12 ന് ഗ്രുപ് യോറും ബാന്‍ഡിന്റെ ഇരുപത്തി അഞ്ചാമത് വാര്‍ഷിക ആഘോഷ കണ്‍സേര്‍ട്ടില്‍ പങ്കെടുത്തത് അന്‍പത്തിഅയ്യായിരം കാണികള്‍ ആയിരുന്നു.

2013 ജനുവരി 18 ന് ഗ്രുപ് യോറും സംഘത്തിലെ അഞ്ചു കലാകാരന്മാരെ റെവല്യൂഷനറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്എന്നാരോപിച്ചു തുര്‍ക്കി ഭരണകൂടം അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവരെ വിട്ടയച്ചു. 2016 നവംബറില്‍ ബാന്‍ഡ് സംഘം ഒരു കണ്‍സേര്‍ട്ട് നടത്തികൊണ്ടിരിക്കെ 8 കലാകാരന്മാരെ ടര്‍ക്കി പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങളിലെ ക്രൂര മര്‍ദ്ദനത്തിന് ശേഷം ആണ് അവരെ മോചിപ്പിച്ചത്. 2018 ഫെബ്രുവരിയില്‍ സംഘത്തിലെ 6 കലാകാരന്മാരെ ടര്‍ക്കി ഭരണകൂടം വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇവരുടെ തലയ്ക്ക് മൂന്ന് ലക്ഷം ടര്‍ക്കിഷ് ലിറ ആണ് തുര്‍ക്കി പോലീസ് പ്രതിഫലം നിശ്ചയിച്ചത്. 2019 നവംബറില്‍ ഗ്രുപ് യോറും ടര്‍ക്കിയില്‍ നടത്താനിരുന്ന കണ്‍സേര്‍ട്ട് തുര്‍ക്കി ഭരണകൂടം നിരോധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പത്തിലേറെ തവണ ആണ് ഗ്രുപ് യോറും ഓഫീസ് സ്ഥിതി ചെയ്യുന്ന കള്‍ച്ചറല്‍ സെന്റര്‍ തുര്‍ക്കി പോലീസ് റെയ്ഡ് ചെയ്തത്. ഓരോ റെയ്ഡിലും സംഗീതോപകരണങ്ങള്‍ നശിപ്പിക്കുകയും , മോഷണം പോവുകയും മ്യുസിക് ബുക്കുകള്‍ കീറിക്കളയുകയും ചെയ്യുക എന്നതായിരുന്നു കണ്ടു വന്നത്.

ഹെലിന്‍ ബോലെക്കും, ഇബ്രാഹിം ഗൊക്കെക്കും ഉള്‍പ്പെടെ എട്ട് കലാകാരന്മാരെ 2019 ല്‍ തുര്‍ക്കി ഭരണകൂടം അറസ്റ്റ് ചെയ്തു. രണ്ടു പേരും നിരാഹാര സമരം ആരംഭിച്ചു. ബാന്‍ഡ് സംഘത്തിനെതിരായുള്ള നിരന്തരമായ റെയിഡുകള്‍ നിര്‍ത്തലാക്കുക , ഗ്രുപ് യോറും അംഗങ്ങളായ കലാകാരന്മാരെ സര്‍ക്കാരിന്റെ വാണ്ടഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക, ബാന്‍ഡ് സംഘത്തിന്റെ കണ്‍സേര്‍ട്ടുകള്‍ക്കുള്ള നിരോധനം പിന്‍വലിക്കുക . ഗ്രൂപ്പ് മെമ്പര്‍മാരെ ജയിലില്‍ നിന്നും വിട്ടയയ്ക്കുകയും അവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹെലിന്‍ ബോലെക്കും, ഇബ്രാഹിം ഗൊക്കെക്കും നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടത്. 2019 നവംബര്‍ 20 ന് ഹെലിന്‍ ബോലെക്കിനെ ജയില്‍ മോചിതയാക്കിയെങ്കിലും അവര്‍ ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ നിരാഹാരം തുടരാന്‍ തീരുമാനിക്കുക ആയിരുന്നു. ഹെലിന്‍ ബോലെക്കും, ഇബ്രാഹിം ഗൊക്കെക്കും നിരാഹാരം തുടരവേ രണ്ടു പേരെയും 2020 മാര്‍ച്ചു 11 ന് ടര്‍ക്കി ഗവണ്മെന്റ്‌റ് ബലമായി അറസ്റ്റ് ചെയ്തു ഹോസ്പിറ്റലില്‍ അയക്കുകയുണ്ടായി. ആരോഗ്യ നില തീരെ വഷളായ ഹെലിന്‍ ബോലെക്ക് നീണ്ട 288 ദിവസത്തെ നിരാഹാര സമര പോരാട്ടത്തിനൊടുവില്‍ രക്ത സാക്ഷി ആയി.

പാടാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഹെലിന്‍ ബോലെക്ക് പൊരുതി മരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി ധീരമായ സമരം ചെയ്ത് ഇരുപത്തി എട്ടാമത്തെ വയസ്സില്‍ മരണത്തിലേക്ക് നടന്നു കയറി ഹെലിന്‍ ബോലെക്ക്. ഇബ്രാഹിം ഗൊക്കെക്ക് ഇപ്പോഴും നിരാഹാരം തുടരുന്നു. ഇബ്രാഹിം ഗോക്കെക്കിന്റെ ഭാര്യ ഉള്‍പ്പെടെ ബാന്‍ഡ് ട്രൂപ്പിലെ രണ്ട് പേര്‍ ഇപ്പോഴും ജയിലില്‍ ആണ്. കല കലയ്ക്ക് വേണ്ടി മാത്രമായല്ല മറിച്ചു അവകാശ പോരാട്ടങ്ങള്‍ക്കും , മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും കൂടിയുള്ളതാണ് എന്ന് നമ്മെ നിരന്തരം ഓര്‍മപ്പെടുത്തുന്നു ഈ കലാ പ്രവര്‍ത്തകര്‍. കല എന്നത് മാനവികത കൂടിയാണ് എന്ന് നമ്മെ പഠിപ്പിക്കുന്നു ഇവര്‍. കല എന്നത് പോരാട്ടം കൂടിയാണ് എന്ന് കാട്ടിത്തരുന്നു ഇവര്‍. ഇങ്ങനെയുള്ള കലാകാരന്മാര്‍ കൂടി ചേര്‍ന്നതാണ് ലോകം എന്നതാണ് ഈ ലോകത്തിന്റെ സൗന്ദര്യം ഇപ്പോഴും നിലനിര്‍ത്തുന്നത്. ഇങ്ങനെയുള്ള മനുഷ്യര്‍ കൂടി ജീവിക്കുന്ന ലോകത്ത് ജീവിക്കുന്നു എന്നതാണ് നമ്മുടെ ജീവത്തെത്തേയും എന്നേയ്ക്കുമായി പ്രതീക്ഷാ ഭരിതം ആക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യരുടെ പോരാട്ടങ്ങള്‍ നോക്കി കാണുമ്പോഴാണ് നമ്മുടെ രാഷ്ട്രീയവും മാനവികം ആകുന്നത്.

ഇന്ത്യയിലും കേരളത്തിലും വര്‍ഗീയ ഫാസിസവും, മാവോയിസ്റ്റ് വേട്ടയും ,യൂ എ പി എ യും ഉള്‍പ്പെടെയുള്ള ഭരണ കൂട ഭീകരതകള്‍ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ആണ് ഹെലിന്‍ ബോലെക്കിന്റെ ജീവിതവും സമരവും മരണവും പ്രസക്തമാകുന്നത്. ലോകം അത്രമേല്‍ ചെറുതാണ്. മനുഷ്യ ജീവിതങ്ങള്‍ അത്രമേല്‍ സാമ്യവും. വിട ഹെലിന്‍ ബോലെക്ക്. മനോഹരവും അത്രമേല്‍ തീക്ഷ്ണവും ആയ ഒരു ടര്‍ക്കിഷ്, കുര്‍ദിഷ് ഗാനം പോലെ നീ ഞങ്ങളില്‍ ജ്വലിച്ചു കൊണ്ടേ ഇരിക്കും. നിന്റെയും നിന്റെ കൂട്ടുകാരുടെയും പാട്ടുകള്‍ ഞങ്ങള്‍ തലമുറകളോളം കേട്ട് കൊണ്ടിരിക്കും. കണ്ണടച്ച് ആ പാട്ടുകള്‍ ആസ്വദിക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയം തുടിച്ചു കൊണ്ടിരിക്കും, ഞങ്ങളുടെ മുഷ്ടികള്‍ ആകാശത്തേക്ക് ഉയരും.. ഹെലിന്‍ ബോലെക് ലാല്‍സലാം... വിട ....

Related Stories

No stories found.
logo
The Cue
www.thecue.in