Around us

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നവര്‍ അധികൃതരെ അറിയിക്കാതെ അമേരിക്കയിലേക്ക് മടങ്ങി ; കേസെടുത്ത് പൊലീസ് 

പത്തനംതിട്ട മഴുവേലിയിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സഹോദരിമാര്‍ അധികൃതരെ അറിയിക്കാതെ അമേരിക്കയിലേക്ക് കടന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. യുഎസില്‍ നഴ്‌സുമാരായ സഹോദരിമാരാണ് തിരികെ പോയതെന്ന് ഇലവുംതിട്ട പൊലീസ് ദ ക്യുവിനോട് പറഞ്ഞു. തിരുവനന്തപുരത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തങ്ങള്‍ക്ക് കൊവിഡ് 19 രോഗമോ മറ്റെന്തെങ്കിലും ശാരീരിക അസ്വസ്ഥതകളോ ഇല്ലെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷമാണ് മടങ്ങിയതെന്ന് ഇവര്‍ ബന്ധുക്കളെ വിളിച്ച് അറിയിച്ചിട്ടുണ്ട്.

Also Read: വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ച് താമസിച്ചു ; മറച്ചുവെച്ചതിന് കേസ് 

എന്നാല്‍ പത്തനംതിട്ട ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതെയാണ് ഇവര്‍ വീടുവിട്ടുപോവുകയും അമേരിക്കയിലേക്ക് കടക്കുകയും ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കേസെടുക്കാന്‍ പൊലീസിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മാര്‍ച്ച് 7 നാണ് ഇവര്‍ പത്തനംതിട്ടയിലെത്തിയത്. ഇതേ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. എന്നാല്‍ മാര്‍ച്ച് 21 ന് ആരെയും അറിയിക്കാതെ ഇവര്‍ തിരികെ പോവുകയായിരുന്നു. അമേരിക്കന്‍ പൗരത്വമുള്ളവരാണ് നഴ്‌സുമാര്‍. മാര്‍ച്ച് 22 ന് ഇവരുടെ വിസാ കാലാവധി കഴിയുന്നതിനാല്‍ തലേന്ന് ഇവര്‍ മടങ്ങുകയായിരുന്നു.

Also Read: എന്താണ് ലോക്ക് ഡൗണ്‍ ? ഇക്കാലയളവിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാം ? 

അമേരിക്കയില്‍ ഇറങ്ങിയ ശേഷം വിമാനത്താവളത്തിലെ പരിശോധനയടക്കം പൂര്‍ത്തിയാക്കിയെന്ന് ഇവര്‍ ബന്ധുക്കളെ വിളിച്ചറിയിച്ചതായും ഇലവുംതിട്ട പൊലീസ് ദ ക്യുവിനോട് പറഞ്ഞു. അതേസമയം ജില്ലയില്‍ ഐസൊലേഷന്‍ വ്യവസ്ഥ ലംഘിച്ച 13 പേര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ ഭരണകൂടം പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം, പൊലീസ് ആക്ട് എന്നിവയനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്. ജില്ലയില്‍ ആകെ 4387 പേരാണ് നിരീക്ഷണത്തിലുള്ളത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.