Around us

കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ബിജെപിയില്‍ ചേക്കേറി ; മണിപ്പൂര്‍ വനം മന്ത്രിയെ നീക്കി സുപ്രീം കോടതി 

മണിപ്പൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ബിജെപി മന്ത്രിസഭയില്‍ ചേക്കേറിയ ടിഎച്ച് ശ്യാംകുമാറിനെ പദവിയില്‍ നിന്ന് നീക്കി സുപ്രീം കോടതി. ഇനിയൊരറിയിപ്പുണ്ടാകുന്നവരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നാണ് വനം മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ്. സവിശേഷ അധികാരമുപയോഗിച്ചാണ് പരമോന്നത കോടതിയുടെ നടപടി. സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിയെ നീക്കാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 ആണ് സുപ്രീം കോടതിക്ക് പ്രത്യേകാധികാരം നല്‍കുന്നത്. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബഞ്ചിന്റേതാണ് നടപടി. 2017 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് വിജയിച്ച ശ്യാംകുമാര്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന പ്രതിപക്ഷാവശ്യത്തില്‍ സ്പീക്കര്‍ ഇതുവരെ നടപടിയെടുത്തിരുന്നില്ല.

Also Read: ബിജെപിയുടെ അഞ്ച് സവിശേഷതകള്‍; സിബിഎസ്ഇ പരീക്ഷയിലെ ചോദ്യം വിവാദമാകുന്നു

അയോഗ്യതാ അപേക്ഷയില്‍ സ്പീക്കര്‍ നടപടി വൈകിപ്പിച്ചതോടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നടപടിയുണ്ടായത്. ഇദ്ദേഹമടക്കം 13 പേരെ അയോഗ്യരാക്കണമെന്ന അപേക്ഷകളില്‍ 2017 ഏപ്രില്‍ മുതല്‍ സ്പീക്കര്‍ തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന സവിശേഷാധികാരം പ്രയോഗിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ബഞ്ച് വ്യക്തമാക്കി. മാര്‍ച്ച് 30 നാണ് കേസില്‍ തുടര്‍ വാദം കേള്‍ക്കുക. അയോഗ്യതയില്‍ തീരുമാനമെടുക്കാന്‍ ഒരു മാസം മതിയെന്നിരിക്കെ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ജനുവരി 21 ലെ വിധിയില്‍ കോടതി നിലപാട് കടുപ്പിച്ചിരുന്നു. എന്നിട്ടും മണിപ്പൂര്‍ സ്പീക്കറില്‍ നിന്ന് നടപടികളുണ്ടായില്ല.

Also Read: ‘സവര്‍ക്കര്‍ മാര്‍ഗ്’ എന്ന് പേരിട്ട ജെഎന്‍യുവിലെ വഴിയെ ‘അംബേദ്കര്‍ റോഡ്’ ആക്കി വിദ്യാര്‍ത്ഥികള്‍

മാര്‍ച്ച് 28 വരെ സമയം അനുവദിക്കണമെന്നായിരുന്നു മണിപ്പൂര്‍ സ്പീക്കര്‍ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബുധനാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് നിരാകരിച്ചു. ഇനിയും നീട്ടിക്കൊണ്ടുപോകാതെ ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. 2017 ലെ തെരഞ്ഞെടുപ്പില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്ക് 21 അംഗങ്ങളെയേ വിജയിപ്പിക്കാനായിരുന്നുള്ളൂ. തുടര്‍ന്ന് ശ്യാംകുമാര്‍ ഉള്‍പ്പെടെ 13 പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിക്ക് പിന്‍തുണ നല്‍കുകയായിരുന്നു. എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിച്ചതാണെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം