Around us

‘മുഖ്യമന്ത്രി സ്ഥാനത്തേക്കില്ല, പാര്‍ട്ടിയെ നയിക്കും’ ; ആശയ പ്രഖ്യാപനവുമായി രജനികാന്ത് 

തന്റെ രാഷ്ട്രീയ പാര്‍ട്ടി, മക്കള്‍ മന്‍ട്രത്തിന്റെ ആശയ പ്രഖ്യാപനം നടത്തി രജനി കാന്ത്. വ്യാഴാഴ്ച ചെന്നൈയില്‍ ചേര്‍ന്ന നേതൃയോഗത്തിന് ശേഷമായിരുന്നു ഔദ്യോഗിക നടപടി. മുഖ്യമന്ത്രി സ്ഥാനം മുന്നില്‍ കണ്ടല്ല രാഷ്ട്രീയ പ്രവേശമെന്ന് രജനികാന്ത് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ല. ആ പദവി സ്വപ്‌നം പോലും കണ്ടിട്ടില്ല. പാര്‍ട്ടിയുടെ നേതൃപദവി ഏറ്റെടുത്ത് പ്രവര്‍ത്തിക്കും.സര്‍ക്കാരിന്റെ നേതൃത്വത്തിലോ നിയമസഭയിലോ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പകരം പാര്‍ട്ടിയെ നയിക്കാനാണ് ആഗ്രഹം.

Also Read: ‘ഒരു കാര്യത്തില്‍ മാത്രം നിരാശനാണ്’; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി തുടങ്ങുമെന്ന് രജനികാന്ത് 

പ്രശസ്തിക്കും പദവിക്കും വേണ്ടിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം. തനിക്ക് അതിന്റെ ആവശ്യമില്ല. ഇത്രയും കാലത്തിനിടയ്ക്ക് നേടിയെടുത്ത സല്‍പ്പേരിനാല്‍ ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസ്യതയുണ്ടെന്ന് കരുതുന്നു. അതാണ് ശക്തി. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. നിലവിലെ സംവിധാനം മാറണം. സംസ്ഥാനത്ത് മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. നീണ്ട ആലോചനകള്‍ക്കൊടുവിലാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. സംഘടനയില്‍ യുവരക്തം വേണം. 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും.

Also Read: രജനികാന്ത് കാണാന്‍ തയ്യാറാകുന്നില്ല; 'ദര്‍ബാര്‍' നഷ്ടത്തില്‍ നിരാഹാരമിരിക്കാന്‍ വിതരണക്കാര്‍

വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കൊണ്ടുവരും. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ കൂടുതലുണ്ടായിട്ട് കാര്യമില്ല. നേതൃപദവികള്‍ വഹിക്കുന്നവര്‍ക്ക് വിദ്യാഭ്യാസയോഗ്യതയും കഴിവും പ്രധാനമാണ്. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിച്ചാണ് മുന്നോട്ടുപോവുക. അതിനായി വിദഗ്ധ സമിതിയുണ്ടാകുമെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാരംഭിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ അടക്കമുള്ളവരാണ് പങ്കെടുത്തത്. തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14 ന് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനവും സെപ്റ്റംബര്‍ ആദ്യം പൊതുസമ്മേളനം നടത്തുമെന്നാണ് സൂചന.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം