‘തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയത്’ : മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍ 
Around us

‘തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയത്’ : മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍ 

THE CUE

THE CUE

സംസ്ഥാന പൊലീസിന്റെ 25 തോക്കുകളും 12,061 ഉണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. തോക്കുകളും ഉണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണണമെന്ന് വി മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഡിജിപിക്കും പൊലീസിനുമെതിരായ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയെയാണ് പ്രതിശോധത്തിലാക്കിയിരിക്കുന്നത്. പൊലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലെന്നാണോ മനസ്സിലാക്കേണ്ടത്. അതോ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയാണോ ഇതെന്നും വി മുരളീധരന്‍ ചോദിക്കുന്നു.

വിവാദ വിഷയങ്ങളില്‍ പൊലീസിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കണ്ടാല്‍ ഇടതുമുന്നണിയിലുള്ളവര്‍ക്ക് പോലും ഇങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ. തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. അത് നിസ്സാരമായി തള്ളാനാകില്ല. ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. അവ തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണം. ഇടതുമുന്നണിയില്‍ മാവോയിസ്റ്റുകളുണ്ടെന്ന് പന്തീരാങ്കാവ് കേസോടെ വ്യക്തമായതാണ്. ഭീകരവാദികളുമായി പൊലീസിലൂടെ ചിലര്‍ ബന്ധം സ്ഥാപിച്ചത് നേരത്തേ പുറത്തുവന്നിട്ടുണ്ട്. ആ വഴിക്കാണോ തോക്കും വെടിയുണ്ടകളും അപ്രത്യക്ഷമായത്. ഇത്തരത്തില്‍ നിരവധി സംശയങ്ങള്‍ ഉയരുകയാണെന്നും വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതുസംബന്ധിച്ച ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും മുരളീധരന്‍ ആവര്‍ത്തിച്ചു.സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചിലര്‍ ഐഎസില്‍ ചേര്‍ന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ക്കാണോ ഈ ആയുധങ്ങള്‍ പോയിരിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള പൊലീസിനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.12,061 വെടിയുണ്ടകള്‍ കാണാതായതിന് പകരം വ്യാജവെടിയുണ്ടകള്‍ വെച്ചത് മറച്ചുവെയ്ക്കാന്‍ രേഖകള്‍ തിരുത്തി. പൊലീസ് ക്വാട്ടേഴ്സ് നിര്‍മ്മിക്കാനുള്ള 2.81 കോടി രൂപ എസ്പിമാര്‍ക്കും ഡിജിപി മാര്‍ക്കും താമസകേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി വകമാറ്റിയെന്നും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

The Cue
www.thecue.in