‘ഷഹീന്‍ബാഗില്‍ മുഴങ്ങുന്നത് പാക്കിസ്താന്‍ സിന്ദാബാദ്, സമരക്കാര്‍ക്ക് പണവും ബിരിയാണിയും’; മാളവ്യയുടെ പൊളിഞ്ഞടുങ്ങിയ കള്ളങ്ങള്‍ 

‘ഷഹീന്‍ബാഗില്‍ മുഴങ്ങുന്നത് പാക്കിസ്താന്‍ സിന്ദാബാദ്, സമരക്കാര്‍ക്ക് പണവും ബിരിയാണിയും’; മാളവ്യയുടെ പൊളിഞ്ഞടുങ്ങിയ കള്ളങ്ങള്‍ 

ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, ജനുവരി 15ന് ഒരു വീഡിയോ പങ്കുവെച്ചു. ഡല്‍ഹി ഷഹീന്‍ബാഗില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന സ്ത്രീകള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്ന വീഡിയോയായിരുന്നു അത്. എന്നാല്‍ ആള്‍ട്ട് ന്യൂസും ന്യൂസ് ലോണ്‍ട്രിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമിത് മാളവ്യയുടെ പ്രചരണം വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം അമിത് മാളവ്യ, മറ്റൊരു ഫോട്ടോ ട്വീറ്റ് ചെയ്തു. പ്രായമായ ഒരാള്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോയായിരുന്നു അത്. ഷഹീന്‍ബാഗില്‍ ബിരിയാണി വിതരണം ചെയ്യുന്നുവെന്നതിന് തെളിവായാണ് അമിത് മാളവ്യ ഈ ചിത്രത്തെ അവതരിപ്പിച്ചത്. മാത്രമല്ല, പ്രതിഷേധക്കാര്‍ക്ക് 500 രൂപയും സൗജന്യ ഭക്ഷണവും നല്‍കുന്നതായും സംസാരമുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് ഭക്ഷണം കഴിക്കുന്നത് കുറ്റമാണോ എന്ന മറുചോദ്യമാണ് ഈ വിചിത്ര ട്വീറ്റിന് പിന്നാലെ ഉയര്‍ന്നത്.

അമിത് മാളവ്യയുടെ വ്യാജ പ്രചാരണ ട്വീറ്റുകള്‍ ഷഹീന്‍ബാഗില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികളെയും, വ്യക്തികളെയും, സമുദായങ്ങളെയുമടക്കം അപകീര്‍ത്തിപ്പെടുത്താന്‍, തെറ്റായ വിവരങ്ങള്‍ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തുന്നതായി ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മാളവ്യ നടത്തിയ വ്യാജപ്രചാരണങ്ങള്‍, ബിജെപി അംഗങ്ങളും അനുഭാവികളും വഴി വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വഭേദഗതിനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും നിരവധി വ്യാജ പ്രചാരണങ്ങളാണ് അമിത് മാളവ്യ നടത്തിയത്. ഡിസംബര്‍ 28ന് മാളവ്യ, ലക്‌നൗവില്‍ നിന്നുള്ള പ്രതിഷേധക്കാരുടെ ഒരു വീഡിയോ പങ്കുവെച്ചു. പ്രതിഷേധക്കാര്‍ പാക്കിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് വിളിക്കുന്നതെന്ന് അവകാശപ്പെടുന്നതായിരുന്നു ആ ട്വീറ്റ്. എന്നാല്‍ ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ആ പ്രചാരണവും തെറ്റായിരുന്നുവെന്ന് കണ്ടെത്തി.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തില്‍, ഹിന്ദുക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നതായിരുന്നു മറ്റൊരു പ്രചാരണം. ഡിസംബര്‍ 16ന് മാളവ്യയുടെ ഈ ട്വീറ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍, സവര്‍ക്കര്‍ക്കെതിരെയും, ബിജെപിക്കെതിരെയും, ജാതീയതയ്‌ക്കെതിരെയുമൊക്കെയായിരുന്നു മുദ്രാവാക്യം വിളിച്ചത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, എഎപി ഉള്‍പ്പടെയുള്ള എതിര്‍പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ നിരവധി വ്യാജപ്രചാരണങ്ങളും അമിത് മാളവ്യ പങ്കുവെച്ചിരുന്നു. ജനുവരി 31ന്, അരവിന്ദ് കെജ്‌രിവാളിന്റെ റോഡ് ഷോയ്ക്കിടെ ഒരാളെ മര്‍ദിച്ചു കൊന്നു എന്ന ട്വീറ്റാണ് മാളവ്യ പങ്കുവെച്ചത്. റോഡ് ഷോയ്ക്കിടെ കെജ്‌രിവാളിന്റെ മുഖത്തടിച്ചയാളെ, എഎപി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യമായിരുന്നു മാളവ്യ പങ്കുവെച്ചത്. എന്നാല്‍ മര്‍ദനമേറ്റയാള്‍ മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നു.

2018ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും മാളവ്യ വ്യാജവാര്‍ത്തകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വ്യാജപ്രചാരണങ്ങള്‍ പിന്നീട് നടന്ന അന്വേഷണങ്ങളില്‍ പൊളിയുകയും ചെയ്തു. 2019 ജനുവരിയില്‍, കുംഭമേള സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നായിരുന്നു മാളവ്യ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയെ 'ഹെഡ് ഓഫ് ദ സ്റ്റേറ്റ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ളതായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഈ തെറ്റിനൊപ്പമാണ് തെറ്റായ വിവരവും മാളവ്യ പങ്കുവെച്ചത്. മോദിക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റുവും, പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദുമടക്കം കുംഭ മേള സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു.

2017ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ റിച്ചാര്‍ഡ് എച്ച് തലേര്‍ നോട്ട് നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തിയെന്ന വ്യാജവാര്‍ത്തയും മാളവ്യ പങ്കുവെച്ചിരുന്നു. റിച്ചാര്‍ഡ് പറഞ്ഞതിന് നേരെ വിരുദ്ധമായ കാര്യമായിരുന്നു മാളവ്യ ട്വീറ്റ് ചെയ്തത്.

ജവഹര്‍ലാല്‍ നെഹ്‌റു, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, യോഗേന്ദ്രയാഥവ് തുടങ്ങിയ വ്യക്തികള്‍ക്കെതിരെയും നിരവധി തവണ വ്യാജപ്രചാരണവുമായി അമിത് മാളവ്യ എത്തിയിട്ടുണ്ട്. 2017ല്‍ അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി, ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ രജിസ്റ്ററില്‍ അഹിന്ദുവെന്ന് രേഖപ്പെടുത്തിയെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. എന്നാല്‍ രജിസ്റ്ററിലെ കയ്യരം രാഹുലിന്റേതല്ലെന്ന് പിന്നീട് കണ്ടെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in