യുഎപിഎ: ‘കാട് പൂക്കുന്ന നേര’ത്തിലെ രംഗം ഷെയര്‍ ചെയ്തതിന് പൊലീസുകാരന്  മെമോ; വിമര്‍ശിച്ച് ഡോ ബിജു

യുഎപിഎ: ‘കാട് പൂക്കുന്ന നേര’ത്തിലെ രംഗം ഷെയര്‍ ചെയ്തതിന് പൊലീസുകാരന് മെമോ; വിമര്‍ശിച്ച് ഡോ ബിജു

കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ മാവോയിസ്റ്റ്, യു എ പി എ, എന്നീ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് സിവില്‍ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിനോട് വിശദീകരണം ചോദിച്ച പൊലീസ് നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ ബിജു. ഇന്ത്യയില്‍ അണ്‍ റസ്ട്രിക്റ്റഡ് ആയി പൊതു പ്രദര്‍ശനത്തിന് സെന്‍സര്‍ അനുമതി ലഭിച്ചിട്ടുള്ള ദേശീയ-സംസ്ഥാന പുരസകാരങ്ങള്‍ നേടിയ ചിത്രത്തിലെ രംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് ആണ് കേരളാ പൊലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്രത്തെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്ന നാട്ടില്‍ ആണിത് സംഭവിച്ചിരിക്കുന്നതെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു സിനിമാ ആസ്വാദകന് ഈ നാട്ടില്‍ നിരോധിച്ചിട്ടില്ലാത്ത ഒരു സിനിമയിലെ തനിക്കിഷ്ടപ്പെട്ട രംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത ഫാസിസ്റ്റ് കാലത്താണോ നമ്മള്‍ ജീവിക്കുന്നത്..ഇക്കണക്കിന് കാട് പൂക്കുന്ന നേരം സിനിമ കാണുന്നവര്‍ക്കെതിരെയും ആ സിനിമ പ്രദര്‍ശിപ്പിക്കുന്ന ഫിലിം സൊസൈറ്റികള്‍ക്കും കോളേജുകള്‍ക്കും എതിരെ പോലും പോലീസ് ഇനി കേസ് എടുക്കാന്‍ സാധ്യത ഉണ്ടല്ലോ. എന്തൊരു നാടാണ് ഇത്..എങ്ങോട്ടേക്ക് ആണീ പൊലീസ് സ്റ്റേറ്റ് സഞ്ചരിക്കുന്നത്...ഏതായാലും ഇനി ഇപ്പൊ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെ വലിയ വായില്‍ നിലവിളിക്കുന്ന ആ പുരോഗമന കലാ പരിപാടി വീണ്ടും പുരോഗമന പ്രസ്ഥാനങ്ങള്‍ കൊണ്ടാടുമോ അതോ നിര്‍ത്തി വെക്കുമോ എന്നതാണ് അറിയേണ്ടത്..

ഡോ ബിജു.

വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പൊലീസ് മേധാവി എവി ജോര്‍ജ് ഐപിഎസ് ഉമേഷ് വള്ളിക്കുന്നിന് നല്‍കിയ നോട്ടീസും ഡോ ബിജു ഷെയര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ സിപിഒ ആയി ജോലി ചെയ്യുന്ന ഉമേഷിന്റെ പോസ്റ്റ് പൊലീസിനൈ വിമര്‍ശിക്കാന്‍ കാരണമാകുമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മെമോ. ശിക്ഷാ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമെന്തെങ്കിലും ഉണ്ടെങ്കില്‍ 5 ദിവസത്തിനകം ബോധിപ്പിക്കണമെന്നും മെമോയില്‍ പറയുന്നു.

സിനിമ ചെയ്യാനും സമൂഹത്തോട് സംസാരിക്കാനും പ്രേരിപ്പിക്കുന്നത് ഉമേഷിനെ പോലെ ആര്‍ജ്ജവവും നിലപാടുകളുമുള്ള കുറെ ഏറെ ആളുകള്‍ ഈ കെട്ട കാലത്തും ജീവിച്ചിരിക്കുന്നു എന്നറിയുമ്പോഴാണ്....ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ഒരു മുഖമേ ഉള്ളൂ..അത് ആര് ചെയ്താലും ഫാസിസം തന്നെയാണ്. അവരുടെ ഫാസിസം അക്രമം എതിര്‍ക്കപ്പെടേണ്ടത് ,നമ്മുടെ ഫാസിസം ഉദാത്തം അത് അത്ര വലിയ കുഴപ്പം ഇല്ല എന്ന് ചിന്തിക്കുന്ന നിഷ്‌കളങ്കര്‍ക്ക് നല്ല നമസ്‌കാരം...

ഡോ ബിജു

Related Stories

No stories found.
logo
The Cue
www.thecue.in