‘കൊച്ചിന്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്ത് കൊണ്ട്?’; വെള്ളക്കെട്ടില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

‘കൊച്ചിന്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്ത് കൊണ്ട്?’; വെള്ളക്കെട്ടില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തില്‍ ഇന്നലെയുണ്ടായ വെള്ളക്കെട്ടില്‍ കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ചെളി നീക്കാന്‍ എത്ര കോടി ചെലവാക്കുന്നു. കൊച്ചിയെ സിംഗപ്പൂര്‍ ആക്കണമെന്നല്ല ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയണം. ഇങ്ങനെ ഒരു കോര്‍പ്പറേഷന്‍ എന്തിനാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്ത് കൊണ്ടെന്നും ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാരിനോട് നാളെ വിശദീകരണം നല്‍കണം.

പ്രളയത്തേക്കാള്‍ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തില്‍ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാന്‍ ആരുമില്ല. എല്ലാം കോടതി ഇടപെടലിലൂടെ മാത്രമേ ശരിയാകൂ എന്ന് കരുതരുത്. കോര്‍പറേഷന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായാല്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം ഉപയോഗിച്ച് നഗരസഭാ പിരിച്ചുവിടണം

ഹൈക്കോടതി

പേരണ്ടൂര്‍ കനാല്‍ കേസിലെ അമിക്കസ് ക്യൂറി അഡ്വ സുനില്‍ ജോസ് ആണ് ഇന്നലത്തെ കനത്ത മഴയെ തുടര്‍ന്നുണ്ടായ നഗരത്തിലെ സ്ഥിതിവിശേഷം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കോര്‍പ്പറേഷനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

വെള്ളക്കെട്ടില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയര്‍ സൌമിനി ജെയ്ന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്നലെയുണ്ടായ വെള്ളക്കെട്ട് അപ്രതീക്ഷിതമായിരുന്നുവെന്നും പ്രളയ സമാന സാഹചര്യമായിരുന്നുവെന്നും മേയര്‍ പ്രതികരിച്ചു. വെള്ളക്കെട്ടിന്റെ പഴി ഉദ്യോഗസ്ഥരില്‍ ചുമത്തിയ മേയര്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നും കുറ്റപ്പെടുത്തി. നഗരത്തില്‍ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര്‍ ആണെന്നായിരുന്നു മേയറുടെ വിമര്‍ശനം.

‘കൊച്ചിന്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്ത് കൊണ്ട്?’; വെള്ളക്കെട്ടില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
PHOTO STORY: കൊച്ചിയെ വെള്ളക്കെട്ടിലാക്കി തുലാമഴ 

വെള്ളക്കെട്ടിന് കാരണം ഓടകളിലേക്ക് ജനങ്ങള്‍ മാലിന്യം തള്ളുന്നതാണെന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയ മേയര്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നടപടികളെയും വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയപ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആയിരുന്നു. എന്നാല്‍ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളും ആണ് ഉപയോഗിച്ചത് എന്നായിരുന്നു മേയര്‍ പ്രതികരിച്ചത്.

വെള്ളക്കെട്ട് ഇന്നലെ കൊച്ചി നഗരത്തെയാകെ വലച്ചപ്പോള്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്നലെ രാത്രി മുതല്‍ ഫയര്‍ ഫോഴ്‌സും, പൊലീസും, റവന്യൂ അധികൃതരും വെള്ളക്കെട്ട ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കലൂര്‍ , ഇടപ്പള്ളി, നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ്, ചെട്ടിച്ചിറ എന്നീ സ്ഥലങ്ങളടക്കം ഒന്‍പതിടങ്ങളില്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കാനകള്‍ വൃത്തിയാക്കി. മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

സംഭവത്തില്‍ കൊച്ചിന്‍ കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഒന്‍പത് വര്‍ഷമായി ഭരണപക്ഷം നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും ഉദ്ഘാടനം നടത്തുന്നതല്ലാതെ നടപടികള്‍ ഒന്നും ചെയ്യുന്നില്ലെന്നും കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആരോപിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in