ഫയല്‍ ചിത്രം 
ഫയല്‍ ചിത്രം 

മരട്:ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍; തുടര്‍നിയമനടപടിയെന്ന് സര്‍വകക്ഷിയോഗം; ആഞ്ഞടിച്ച് കാനം

എറണാകുളം മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കുന്നതിനെതിരെ തുടര്‍നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. അറ്റോര്‍ണി ജനറലിന്റെ സഹായം തേടും. നിയമോപദേശം തേടും. കെട്ടിട നിര്‍മ്മാതാക്കളാണെന്ന് കുറ്റവാളികളെന്ന് നേതാക്കള്‍ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് യോഗത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. ശബരിമല വിധി നടപ്പാക്കിയെങ്കില്‍ മരടില്‍ എന്തുകൊണ്ട് നടപ്പാക്കിക്കൂടെന്ന് കാനം ചോദിച്ചു. സര്‍വകക്ഷി സംഘത്തെ ദില്ലിക്ക് അയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാനം കടുത്ത നിലപാട് സ്വീകരിച്ചതോടെ ദില്ലി യാത്രയില്‍ തീരുമാനമായില്ല.

ചെയ്യാത്ത കുറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിച്ചത്.

അതേസമയം മരടിലെ ഫ്ളാറ്റുടമകളാരും താല്‍ക്കാലിക പുനരധിവാസത്തിന് അപേക്ഷ നല്‍കിയില്ല. ഫ്‌ളാറ്റുകളിലുള്ളവര്‍ക്ക് പുനരധിവാസത്തിനായി അപേക്ഷ നല്‍കാന്‍ ഇന്ന് മൂന്ന് മണി വരെയായിരുന്നു നഗരസഭ സമയപരിധി നിശ്ചയിച്ചിരുന്നത്. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് നേരത്തെ നഗരസഭ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലിക പുനരധിവാസം ആര്‍ക്കും വേണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നാണ് നഗരസഭയുടെ നിലപാട്. ഫ്ളാറ്റ് ഒഴിപ്പിക്കുമ്പോള്‍ 343 കുടുംബങ്ങളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. ഒഴിപ്പിക്കലുമായോ കണക്കെടുപ്പിലോ കുടുംബങ്ങള്‍ സഹകരിക്കുന്നില്ല. അതിനാല്‍ തുടര്‍നടപടി എങ്ങനെ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

കെട്ടിടത്തിന് മുകളില്‍ പതിച്ച നോട്ടീസിന്റെ പേരില്‍ ഫ്‌ളാറ്റില്‍ നിന്ന് ഒഴിഞ്ഞു പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉടമകള്‍. തങ്ങള്‍ക്ക് വ്യക്തിപരമായി നോട്ടീസ് ലഭിച്ചില്ലെന്നാണ് ഇവരുടെ വാദം. കുടിയൊഴിപ്പിക്കുന്നതിനുള്ള നഗരസഭയുടെ നോട്ടീസ് ഓരോ ഫ്‌ളാറ്റ് സമുച്ചയത്തിലും എത്തി സെക്രട്ടറി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഉടമകള്‍ കൈപ്പറ്റാന്‍ തയ്യാറായിരുന്നില്ല. നോട്ടീസ് അംഗീകരിക്കില്ലെന്ന് കുറിപ്പെഴുതി ഒപ്പിട്ട് ഗോള്‍ഡന്‍ കായലോരം ഉടമകള്‍ മാത്രം നോട്ടീസ് വാങ്ങിയിരുന്നത്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നെട്ടൂരുള്ള ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്ളാറ്റ് സമുച്ചയം, കെ വി ജോസ് ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍സിന്റെ നെട്ടൂര്‍ കേട്ടേഴത്ത് കടവിലുള്ള ജെയിന്‍ കോറല്‍ കോവ്, നിര്‍മാണത്തിലിരിക്കുന്ന ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്ളാറ്റുകള്‍. സെപ്റ്റംബര്‍ 20 ആണ് ഫ്ളാറ്റ് പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച അവസാനദിവസം. സെപ്റ്റംബര്‍ 23-ന് ഫ്ളാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോര്‍ട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

പൊളിച്ച് നീക്കാനുള്ള നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നുവെങ്കിലും ആരും ഒഴിയാന്‍ തയ്യാറായിട്ടില്ല. നഗരസഭ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് നിയമാനുസൃതമായിട്ടല്ലെന്ന് കാണിച്ച് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലുണ്ട്. ഒഴിപ്പിക്കുന്നവരെ എവിടേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന കാര്യത്തില്‍ നഗരസഭ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in