സുഭാഷ് ചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഓട്ടിസം ക്ലബ്, രക്ഷിതാക്കളില്‍ ദുഖകരമായ അവസ്ഥ ഉണ്ടാക്കി

സുഭാഷ് ചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഓട്ടിസം ക്ലബ്, രക്ഷിതാക്കളില്‍ ദുഖകരമായ അവസ്ഥ ഉണ്ടാക്കി

ഓട്ടിസം ഉള്ളവരെക്കുറിച്ച് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനെതിരെ നിയമനടപടി വേണമെന്ന് ഓട്ടിസം ക്ലബ്ബ് സെക്രട്ടറി. സുഭാഷ് ചന്ദ്രന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റിന് അയച്ച തുറന്ന കത്തിലാണ് ആവശ്യം.

ഓട്ടിസം ക്ലബ്ബ് സെക്രട്ടറിയുടെ പ്രസ്താവന

ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത 'പെണ്‍കാമനയുടെ സമുദ്രശില' എന്ന പരിപാടിയില്‍ ഓട്ടിസം ഉള്ളവരെക്കുറിച്ചു വികലമായതും സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ ചില വാചകങ്ങള്‍ സമുദ്രശില എന്ന നോവലിന്റെ രചയിതാവ് പറയുകയുണ്ടായി. ''സ്ത്രീ അവളുടെ പൂര്‍ണ്ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരിക്കലും ഓട്ടിസ്റ്റിക്കായ ഒരു കുട്ടി ഉണ്ടാവില്ല, മിടുക്കനായ കുട്ടി മാത്രമേ ഉണ്ടാകൂ. അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ ഏഷ്യാനെറ്റ് ചാനലിലൂടെ ലോകംമുഴുവനുമുള്ള മലയാളികള്‍ കണ്ടിട്ടുണ്ടാകും. ഉത്തരവാദിത്വമുള്ള ഒരു മാധ്യമം എന്ന നിലക്ക് ഓട്ടിസത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ പ്രക്ഷേപണം ചെയ്തത് രക്ഷിതാക്കളില്‍ ദുഖകരമായ അവസ്ഥയാണ് ഉണ്ടാക്കിയത്. തികച്ചും തെറ്റായ ഈ വാക്കുകള്‍ പ്രക്ഷേപണം ചെയ്തതില്‍ താങ്കളുടെ ചാനല്‍ ഖേദം പ്രകടിപ്പിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

'മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളില്‍ പ്രമുഖനായ' ശ്രീ സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ തന്റെ പുതിയ നോവലിനെക്കുറിച്ചു ഏഷ്യാനെറ്റ് ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ ഓട്ടിസം ഉള്ള കുട്ടികള്‍ ജനിക്കുവാന്‍ കാരണമായി പറയുന്നത് തികച്ചും പ്രതിഷേധാര്‍ഹമായ കാര്യങ്ങളാണ്.

സമൂഹത്തോട് വളരെയധികം പ്രതിബദ്ധതയുള്ള സുഭാഷ് ചന്ദ്രനെപ്പോലെ ഉത്തരവാദിത്വബോധമുള്ള ആള്‍ ഓട്ടിസമുള്ള കുട്ടികള്‍ ജനിക്കുന്നതിന് സ്ത്രീകളുടെ കുറ്റമായി പ്രസ്താവിക്കുന്നത് തികച്ചും അപലപനീയമാണ്.

ഈ പ്രസ്താവന വിവരക്കേടോ അറിവില്ലായ്മയോ ആണെന്ന് പറയാന്‍ കഴിയില്ല. ഒപ്പം ഓട്ടിസ്റ്റിക്ക് ആയ കുട്ടികള്‍ എന്തോ തരത്തിലുള്ള അവമാനഹേതു ആണെന്ന ധ്വനി സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കുവാന്‍ കൂട്ടുനില്‍ക്കാനും സാമൂഹിക ബോധമുള്ള ആര്‍ക്കും കഴിയില്ല. അതുകൊണ്ട് ഈ അഭിമുഖം പ്രക്ഷേപണം ചെയ്ത ഏഷ്യാനെറ്റ് ചാനല്‍ ഒരു തിരുത്തല്‍ വീഡിയോ പ്രക്ഷേപണം ചെയ്യണമെന്ന് ഓട്ടിസം ക്ലബ്ബ് ആവശ്യപ്പെടുന്നു.

ഓട്ടിസമുള്ളവരിലും മിടുക്കന്മാരായവര്‍ ഇല്ലേ? ഓട്ടിസം ഇല്ലാത്തവരില്‍ കഴിവില്ലാത്തവര്‍ ഇല്ലേ? സ്വന്തം കൃതിയിലൂടെ റേപ് ചെയ്യപ്പെടുന്ന സ്ത്രീകള്ക്കാണ് ഓട്ടസ്റ്റിക്കായ കുട്ടികള് ഉണ്ടാകുന്നത് എന്ന് വ്യംഗന്തരേണ പ്രസ്താവിക്കുന്ന ശ്രീ.സുഭാഷ് ചന്ദ്രനെതിരെ RPwD ആക്ട് 2016 സെക്ഷന്‍ 92 (a) പ്രകാരം നിയമനടപടികള്‍ എടുക്കുവാന്‍ ചുമതലപ്പെട്ട അധികാരികള്‍ ശ്രദ്ധിയ്ക്കണമെന്നും ഓട്ടിസം ക്ലബ് ആവശ്യപ്പെടുന്നു.

ഓട്ടിസം ഒരു രോഗമായി കരുതുന്നത് തന്നെ അബദ്ധമാണ് എന്നും ഈ അവസ്ഥയെ അംഗീകരിച്ചുകൊണ്ട് ഇവരിലെ കഴിവുകള്‍ ശക്തമാക്കുവാനുള്ള തെറാപ്പികള്‍ നല്‍കി സ്വയം പര്യാപ്തമാക്കണമെന്നുമാണ് ഓട്ടിസം ക്ലബ്ബ് രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ക്ലാസ്സുകളിലൂടെ ലക്ഷ്യമാക്കുന്നത്. ഓട്ടിസക്കാര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൃഷ്ടിപരമാകുവാന്‍ ഏഷ്യാനെറ്റ് ചാനലും ശ്രീ സുഭാഷ് ചന്ദ്രനും ഓട്ടിസമുള്ള കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും പ്രത്യേകിച്ച് അമ്മമാരോട് നിരുപാധികം മാപ്പു പറഞ്ഞുകൊണ്ട്, സമൂഹത്തില്‍ ഉത്തരവാദിത്വ ബോധമുള്ളവരായി ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന പ്രത്യാശയോടെ,

ശിവദാസ് എ.കെ

സെക്രട്ടറി, ഓട്ടിസം ക്ലബ്ബ്,

തിരുവനന്തപുരം

സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്

“സമുദ്ര ശില വായിച്ചവരെല്ലാം ഫോണിലൂടേയും കത്തിലൂടേയും നേരിട്ടുമൊക്കെ ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ചെലവഴിച്ചത് വാസ്തവമാണോ സ്വപ്നമാണോ എന്നതാണ്. അംബ അവളുടെ ഇഷ്ട പുരുഷനുമൊത്ത് സര്‍വ്വ തന്ത്ര സ്വാതന്ത്ര്യങ്ങളോടേയും അന്ന് വെള്ളിയാങ്കലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു എന്നതാണ് വാസ്തവമെങ്കില്‍ അങ്ങനെയുണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക് ആയിട്ടുള്ള അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടിയായി ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ പറയാന്‍ ഉദ്ദേശിച്ചത് എല്ലാം റദ്ദ് ചെയ്യപ്പെടും. സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടേയും സ്വാതന്ത്ര്യബോധത്തോടേയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്.”

വിവാദത്തില്‍ സുഭാഷ് ചന്ദ്രന്റെ വിശദീകരണം

നന്ദി; പൂവിനും മുള്ളിനും ഒരുപോലെ!

ഓണനാളുകളിൽ തുടർച്ചയായി രണ്ടു ദിവസം ഏഷ്യാനെറ്റ്‌ ന്യൂസിൽ വന്ന "പെൺകാമനയുടെ സമുദ്രശില"യുടെ യൂട്യൂബ്‌ വേർഷൻ അതു കാണാൻ കഴിഞ്ഞില്ലെന്ന് ഖേദിച്ചവർക്കായി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

പതിവിനു വിപരീതമായി ആദ്യമായിട്ടാവണം, ഓണദിവസങ്ങളിൽ ഒരു പുസ്തകത്തെക്കുറിച്ചുള്ള പരിപാടി ചാനലിൽ വരുന്നത്‌. അതിനു മുൻ കയ്യെടുത്തവർക്ക്‌ മലയാളത്തിനുവേണ്ടി നന്ദി പറയുന്നു. പരിപാടികണ്ട്‌ സന്തോഷം അറിയിച്ചവർക്കൊക്കെയും എന്റെ സ്നേഹം.

എന്റെ കഥാപാത്രങ്ങളെക്കുറിച്ച്‌ ഞാൻ നടത്തുന്ന ചില പരാമർശങ്ങളിൽ വേദന തോന്നിയെന്ന് അറിയിച്ചവരോട്‌ ക്ഷമ ചോദിക്കുന്നു. പത്തുവർഷത്തോളം മനസ്സുകൊണ്ട്‌ ഭിന്നശേഷിക്കാരനായ ഒരു പുത്രനെ എഴുത്തിന്റെ ഗർഭത്തിൽ ചുമന്നുനടന്ന എന്നോട്‌ ആ ഒറ്റക്കാരണത്താൽ നിങ്ങൾ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്‌.

സ്നേഹത്തോടെ
സ്വന്തം
സുഭാഷ്‌ ചന്ദ്രൻ

Related Stories

No stories found.
logo
The Cue
www.thecue.in