മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നോട്ടീസ് നല്‍കും;  ഉടമകള്‍ക്ക് അനുകൂലമായുള്ള വികാരം സര്‍ക്കാരിനെ അറിയിക്കുമെന്ന് നഗരസഭാ അധ്യക്ഷ

മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നോട്ടീസ് നല്‍കും; ഉടമകള്‍ക്ക് അനുകൂലമായുള്ള വികാരം സര്‍ക്കാരിനെ അറിയിക്കുമെന്ന് നഗരസഭാ അധ്യക്ഷ

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റിന്റെ ഉടമകള്‍ക്ക് ഇന്ന് തന്നെ ഒഴിയാന്‍ നോട്ടീസ് നല്‍കുമെന് നഗരസഭാ അധ്യക്ഷ ടിഎച്ച് നദീറ.സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച നഗരസഭയുടെ പ്രത്യേക യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്.

കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു . അതേ സമയം ഫ്‌ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായുള്ള അംഗങ്ങളുടെ വികാരം സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാരുമായി കൂടിയാലോചിച്ച് റിവിഷന്‍ ഹര്‍ജി നല്‍കാനുളള സാധ്യത ചര്‍ച്ച ചെയ്യുമെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പ്രതിപക്ഷത്തുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് പഞ്ചായത്ത് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് കെ ദേവസ്യയാണ് ഉത്തരവാദിയെന്നും ഭരണപക്ഷാംഗം യോഗത്തില്‍ ആരോപിച്ചു. മരട് നഗരസഭയുടെ വസ്തുതകള്‍ മനസിലാക്കാതെയും കൗണ്‍സിലിനെ അറിയിക്കാതെയുമാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി അംഗമെന്ന നിലയില്‍ നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.

നടപടി അഞ്ച് ഫ്‌ളാറ്റികളിലെ 386 കുടുംബങ്ങളുടെ മനുഷ്യാവകാശലംഘനമായി കണക്കാക്കി ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തണമെന്നും താമസക്കാരെ മാനസികമായി പീഡിപ്പിക്കാതിരിക്കണമെന്നും പ്രതിപക്ഷം പറഞ്ഞു. നിയമം ഭേദഗതി ചെയ്തിട്ടുള്ളത് കൊണ്ട് വിധി നടപ്പാക്കാനാവില്ലെന്ന് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു

തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. നിയമലംഘനം കണ്ടെത്തിയ മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് ഇന്നലെ ഫ്‌ലാറ്റുടമകള്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ജഡ്ജിമാരുടെ മുമ്പിലേക്ക് എത്തില്ലെന്നാണ് രജിസ്ട്രി നല്‍കുന്ന വിവരം. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഒടുവിലത്തെ ഉത്തരവില്‍ ഈ കേസില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന നിര്‍ദ്ദേശമുണ്ട്. കേസ് 23ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in