978 പേര്‍ അമ്മമാരായി; കേരളത്തിന്റെ വന്ധ്യതാ ചികിത്സ പദ്ധതി മാതൃകാപരമെന്ന് കേന്ദ്രത്തിന്റെ പ്രശംസ  

978 പേര്‍ അമ്മമാരായി; കേരളത്തിന്റെ വന്ധ്യതാ ചികിത്സ പദ്ധതി മാതൃകാപരമെന്ന് കേന്ദ്രത്തിന്റെ പ്രശംസ  

വന്ധ്യതാ ചികിത്സയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ജനനി പദ്ധതി മാതൃകാപരമാണെന്ന് പാര്‍ലമെന്റിലെ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള വന്ധ്യതയ്ക്കുള്ള ചികിത്സയാണ് ജനനി. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ കേരളത്തില്‍ നടപ്പിലാക്കിയ ജനനി പദ്ധതിയുടെ വന്‍വിജയം മാതൃകയാണെന്നാണ് കേന്ദ്ര ആയുഷ് വകുപ്പ് അറിയിച്ചിരിക്കുന്നത്. വന്ധ്യതാ ചികിത്സാ രംഗത്ത് ഹോമിയോപ്പതി വകുപ്പ് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ചെലവ് കുറഞ്ഞതും ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സാ രീതിയാണിതെന്നാണ് ഹോമിയോപ്പതി വകുപ്പ് അവകാശപ്പെടുന്നത്. പദ്ധതിയിലൂടെ ഇതുവരെ 978 പേര്‍ അമ്മമാരായി. 18,000 പേര്‍ ചികിത്സ തേടി. കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് വന്ധ്യത ചികിത്സാ ഒ.പി. ആരംഭിച്ചത്. വിപുലീകരിച്ച് 2017ല്‍ ജനനി സെന്ററാക്കി മാറ്റി. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ജനനി പദ്ധതി സംസ്ഥാന വ്യാപകമാക്കി നടപ്പാക്കിയത്.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ഹോമിയോപ്പതി സെന്ററിനെ മികവിന്റെ കേന്ദ്രമാക്കി അംഗീകരിക്കുന്നത്. ഗവേഷണത്തിനും പഠനത്തിനുമുള്ള സൗകര്യം അവിടെ ഒരുക്കുമെന്ന് പദ്ധതിയുടെ സംസ്ഥാനതല ചുമതലയുള്ള ഡിഎംഒ ഡോക്ടര്‍ ബിജു ദ ക്യൂവിനോട് പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ജനനി പദ്ധതി ലഭ്യമാണ്. ചികിത്സയുള്ള സെന്ററുകളില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്. സാമ്പത്തിക ചിലവ് കുറവാണെന്നതാണ് പദ്ധതിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

2019-20 ലെ വാര്‍ഷിക പദ്ധതിയില്‍ ജനനി പദ്ധതിയുടെ നടത്തിപ്പിനായി ബഡ്ജറ്റില്‍ 125 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജനനി പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജനനി കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും കെ കെ ശൈലജ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in