‘വത്തിക്കാന്റെ രേഖകള്‍ പുറത്തുവീടൂ,’ ആലഞ്ചേരിയോട് നിസഹകരണം പ്രഖ്യാപിച്ച് വൈദികര്‍

‘വത്തിക്കാന്റെ രേഖകള്‍ പുറത്തുവീടൂ,’ ആലഞ്ചേരിയോട് നിസഹകരണം പ്രഖ്യാപിച്ച് വൈദികര്‍

വിവാദ ഭൂമി ഇടപാടില്‍ ആരോപണത്തെ തുടര്‍ന്ന് ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പൂര്‍ണ്ണ ഭരണചുമതലയിലേക്ക് തിരികെ കൊണ്ടുവന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം വൈദികര്‍. മാര്‍പ്പാപ്പയുടെ നടപടിയില്‍ പ്രതിഷേധിച്ച് സഭയുമായി നിസഹകരണം പ്രഖ്യാപിച്ചാണ് ഒരു വിഭാഗം വൈദികര്‍ രംഗത്ത് വന്നത്. കര്‍ദ്ദിനാളിനെതിരായി ഭൂമി ഇടപാടില്‍ നിലപാടെടുത്ത സഹായ മെത്രാന്‍മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ നീക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. സഹായമെത്രാന്‍മാര്‍ക്കെതിരെ നടപടി എടുത്ത വത്തിക്കാന്റെ കത്ത് പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഭൂമിയിടപാട് കേസുകളിലും സാമ്പത്തിക തിരിമറി കേസുകളിലും പ്രതിപ്പട്ടികയില്‍ ഉള്ള ആര്‍ച്ച് ബിഷപ്പിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും സാധിക്കുമെന്ന് സിനഡ് പിതാക്കന്‍മാരും വത്തിക്കാനും ചിന്തിക്കുന്നുണ്ടോ എന്നും വൈദികര്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ ആശങ്കകളും നിര്‍ദേശങ്ങളും പ്രതിഷേധവും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ ഗൗരവമുള്ള കാരണങ്ങളാല്‍ ആണ് മാര്‍ ആലഞ്ചേരിയെ സ്വന്തം അതിരൂപതയുടെ ഭരണത്തില്‍ നിന്ന് മാറ്റി മാര്‍പ്പാപ്പയുടെ പ്രതിനിധിയെ ഭരണകാര്യങ്ങള്‍ ഏല്‍പ്പിച്ചത്. ദൗത്യനിര്‍വഹണം പൂര്‍ത്തിയാക്കി മാര്‍ മനത്തോടത്തിനെ മാറ്റി കര്‍ദിനാള്‍ പിതാവിനെ പ്രതിഷ്ഠിക്കുമ്പോള്‍ അദ്ദേഹം ആരോരുമറിയാതെ രാത്രി വന്ന് അരമനയില്‍ അധികാരം ഏറ്റെടുക്കുന്നത് അപഹാസ്യമല്ലേ എന്നാണ് വൈദികരുടെ ചോദ്യം.

അധികാരമേറ്റെടുക്കാന്‍ പോലീസ് സഹായം തേടിയത് വത്തിക്കാന്‍ ആവശ്യപ്പെട്ടാണോ ഇതാണോ ആഗോള കത്തോലിക്കാ സഭയുടെ രീതികള്‍ എന്നും വൈദികര്‍. ഭൂമി ഇടപാടിന്റെ സത്യം വെളിച്ചത്ത് കൊണ്ടുവരണം എന്ന് പറഞ്ഞ് അതിരൂപതയിലെ 400ലേറെ വൈദികരാണ് പുറപ്പാട് നടത്തിയതെന്നും സത്യം മനസിലാക്കിയ സഹായമെത്രാന്‍മാര്‍ ഇവര്‍ക്കൊപ്പം സഹകരിച്ചു, ഇതാണോ ഇവരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം?

ഗൗരവമായ സാമ്പത്തിക ക്രമേക്കേടുകള്‍ ബോധ്യപ്പെട്ടതിനാലാണ് റിപ്പോര്‍ട്ടുകള്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടത്. ആ കാര്യങ്ങളില്‍ അഗ്നിശുദ്ധി വരുത്തി വിശ്വാസികളെ ബോധ്യപ്പെടുത്തിയിട്ട് വേണമായിരുന്നു ആലഞ്ചേരി സ്ഥാനത്ത് തിരികെയെത്താന്‍. അടുത്ത സിനഡ് വരെ കാത്തിരിക്കണമായിരുന്നു. സഹായമെത്രാന്‍മാര്‍ക്ക് നേരെയുള്ളത് പ്രതികാര നടപടികളാണ്. ഈ സംഭവങ്ങളെ സാധൂകരിക്കുന്ന വത്തിക്കാന്‍ രേഖകള്‍ പുറത്തുവിടാത്തത് സംശയം ജനിപ്പിക്കുന്നു.

ഭൂമിയിടപാടില്‍ നടന്ന പിഴവുകളെയും അഴിമതിയെയും കുറിച്ചുളള ഡോ ജോസഫ് ഇഞ്ചോടി റിപ്പോര്‍ട്ടും കെപിഎംജി റിപ്പോര്‍ട്ടും വിശ്വാസികളെ അറിയിച്ചാല്‍ മാത്രമേ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നേതൃത്വത്തെ അംഗീകരിക്കാനാകൂ എന്നും ആലുവ ചുണങ്ങുംവേലിയില്‍ ചേര്‍ന്ന വൈദിക യോഗം പാസാക്കിയ പ്രമേയം പറയുന്നു.

മാര്‍പ്പാപ്പയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അവസരം നല്‍കാത്തത് ഇവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുവെന്നും വൈദികര്‍. ഭൂമിയിടപാട് കേസുകളിലും സാമ്പത്തിക തിരിമറി കേസുകളിലും പ്രതിപ്പട്ടികയില്‍ ഉള്ള ആര്‍ച്ച് ബിഷപ്പിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും സാധിക്കുമെന്ന് സിനഡ് പിതാക്കന്‍മാരും വത്തിക്കാനും ചിന്തിക്കുന്നുണ്ടോ എന്നും വൈദികര്‍. ഈ കാര്യങ്ങളില്‍ കൃത്യമായ ഉത്തരം നല്‍കാത്ത പക്ഷം ബിഷപ്പിനോട് നിസഹകരിക്കുമെന്നും വൈദികര്‍.

വിവാദ ഭൂമി ഇടപാട് അന്വേഷിക്കാന്‍ മാര്‍പ്പാപ്പ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് വത്തിക്കാന്‍ ആലഞ്ചേരിയെ തിരികെ അധികാരത്തിലെത്തിച്ചത്. സിനഡായിരിക്കും സഹായ മെത്രാന്‍മാരുടെ ചുമതല തീരുമാനിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in