അങ്ങനൊന്നും അദാനിക്ക് വിട്ടുകൊടുക്കില്ല, തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി

അങ്ങനൊന്നും അദാനിക്ക് വിട്ടുകൊടുക്കില്ല, തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം വിമാനത്താവളം കോര്‍പ്പറേറ്റ് അദാനിയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടുത്തെ വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്. തിരുവനന്തപുരമടക്കം രാജ്യത്തെ ആറുവിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്ന ധ്വനിയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

രാജ്യത്തെ ചില വിമാനത്താവളങ്ങളുടെ അമ്പത് വര്‍ഷത്തെ നടത്തിപ്പവകാശം ഗുജറാത്തില്‍ നിന്നുള്ള അതിസമ്പന്നന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കോര്‍പ്പറേറ്റ് ഗ്രൂപ്പായ അദാനി എന്റര്‍പ്രൈസിന് നല്‍കാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

തിരുവനന്തപുരത്തെ വിമാനത്താവളം സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും 15ന് നടക്കുന്ന നീതി ആയോഗില്‍ വിമാനത്താവളം സ്വകാര്യവ്യക്തിക്ക് വിട്ടുനല്‍കാന്‍ ആവില്ലെന്ന വിവരം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിമാനത്താവള നടത്തിപ്പില്‍ മുന്‍കാല പരിചയവുമില്ലാത്ത അദാനി എന്റര്‍പ്രൈസസ് ലേലം പിടിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.

രാജഭരണകാലത്ത് കൈമാറിയ 258.06 ഏക്കര്‍ ഭൂമിക്കും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 8.29 ഭൂമിക്കും പുറമെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഉള്‍പ്പെടെയുള്ള ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ത്വരിതഗതിയില്‍ പുരോഗമിക്കുന്നുമുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ തന്നെ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ചത് 168 കോടിയുടെ ടെന്‍ഡറും കെഎസ്‌ഐഡിസിയുടേത് 135 കോടിയുടേത് ആയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് നിലവില്‍ ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.

1932-ല്‍ സ്ഥാപിച്ചതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിരോധിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

ആദ്യ മോദിസര്‍ക്കാരിന്റെ കാലത്താണ് അദാനി എന്റര്‍പ്രൈസസ് തിരുവനന്തപുരത്തിനു പുറമേ മംഗളുരു, ലക്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍ എന്നീ വിമാനത്താവളങ്ങളുടെ തടത്തിപ്പിനുള്ള അവകാശം നേടിയെടുത്തത്.

നടത്തിപ്പ് അവകാശം കൈമാറാനുള്ള കുറിപ്പ് മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ മോദിസര്‍ക്കാരിന് പരിഗണിക്കാനായില്ല. രണ്ടാമതും അധികാരത്തിലെത്തിയതോടെ ആദ്യം തന്നെ ഇക്കാര്യം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം.

വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറുകയോ നിലവിലുള്ള സംവിധാനം തുടരുകയോ ചെയ്യാനാവശ്യമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in