ഈ.മ.യൗവില്‍ ചൗരോയെ അവതരിപ്പിച്ച സിജെ കുഞ്ഞുകുഞ്ഞിന്റെ മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം 

ഈ.മ.യൗവില്‍ ചൗരോയെ അവതരിപ്പിച്ച സിജെ കുഞ്ഞുകുഞ്ഞിന്റെ മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം 

അര്‍ബുദം ഇല്ലാതിരുന്നിട്ടും കീമോ തെറാപ്പി ചെയ്തതാകാം നടന്‍ സിജെ കുഞ്ഞുകുഞ്ഞിന്റെ മരണത്തിന് കാരണമെന്ന സംശയം പ്രകടിപ്പിച്ച് കുടുംബം. അദ്ദേഹത്തിന് കാന്‍സര്‍ ആയിരുന്നുവെന്ന് കരുതുന്നില്ലെന്ന് ഭാര്യ മേഴ്‌സി പറഞ്ഞു. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മനോരമ ഓണ്‍ലൈന്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ മ യൗ, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു കുഞ്ഞുകുഞ്ഞ്. ഈ.മ.യൗവിലെ ചൗരോയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂമോണിയ ബാധിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഫെബ്രുവരി 24 നായിരുന്നു മരണം.

കടുത്ത ചുമയെ തുടര്‍ന്ന് പള്ളുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞുകുഞ്ഞിനെ ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ഹരിയാനയിലെ സ്വകാര്യ ലാബില്‍ അയച്ച് ബയോപ്‌സി നടത്തിയിരുന്നു. കുഞ്ഞുകുഞ്ഞിന് ശ്വാസകോശാര്‍ബുദമാണെന്നായിരുന്നു കണ്ടെത്തല്‍. രോഗം അവസാന ഘട്ടത്തിലെത്തിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം കീമോ ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂവെന്നും പറഞ്ഞു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പിക്ക് വിധേയനായി. ആറുതവണയാണ് കീമോ ചെയ്തത്. മുടിയെല്ലാം നഷ്ടമായിരുന്നു. എന്നാല്‍ അത്ര വലിയ ക്ഷീണമൊന്നും അനുഭവപ്പെട്ടിരുന്നുമില്ല.

കാന്‍സറിന്റെ യാതൊരു തെളിവുമില്ലെന്നായിരുന്നു ഒക്ടോബറിലെ പരിശോധനാ ഫലം. ശ്വാസകോശാര്‍ബുദം അവസാന ഘട്ടത്തിലുള്ള ഒരാള്‍ക്ക് എങ്ങനെ കീമോ കൊണ്ട് രോഗം ഭേദമാകുമെന്ന സംശയമാണ് കുടുംബം പങ്കുവെയ്ക്കുന്നത്. അതിനാല്‍ അര്‍ബുദമുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്ന് ഭാര്യ മേഴ്‌സി പറയുന്നു. തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി ചെയ്തതിന്റെ പരിണിത ഫലമായുള്ള ആരോഗ്യപ്രശ്‌നങ്ങളാകാം മരണകാരണമെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ കുടുംബം, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയ്ക്ക് പരാതി നല്‍കും.

Related Stories

No stories found.
logo
The Cue
www.thecue.in