നിപയെ പ്രതിരോധിക്കാന്‍ ധരിക്കേണ്ടത് എന്‍ 95 മാസ്‌കുകള്‍ 

നിപയെ പ്രതിരോധിക്കാന്‍ ധരിക്കേണ്ടത് എന്‍ 95 മാസ്‌കുകള്‍ 

വൈറസ് പരത്തുന്ന രോഗമാണ് നിപ. ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ രോഗ പ്രതിരോധമാണ് വേണ്ടതെന്ന് ആരോഗ്യമേഖലയില്‍ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സര്‍ജ്ജിക്കല്‍ മാസ്‌കും തുവ്വാലയും ഉപയോഗിച്ച് മുഖം മറച്ച് ആളുകള്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ ഇത് രോഗാണു ശരീരത്തിലെത്തുന്നത് തടയില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്‍ 95 മാസ്‌കുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

എന്താണ് എന്‍ 95 മാസ്‌കുകള്‍

എന്‍ 95 മാസ്‌കില്‍ മൂന്ന് പാളികളുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. വായുവിലെ സൂക്ഷമകണങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. വ്യക്തികളുമായുള്ള ഇടപെടലിലൂടെ രോഗാണു ശരീരത്തിലെത്തുന്നത് തടയാന്‍ കഴിയുമെന്നതാണ് എന്‍ 95 മാസ്‌ക് കൊണ്ടുള്ള പ്രയോജനം.

എന്നാല്‍ ഈ മാസ്‌ക് തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുഖത്തിന് പാകമായ മാസ്‌ക് തിരഞ്ഞെടുക്കണം. മാസ്‌ക് ധരിച്ച് ശ്വാസം ശരിയായ രീതിയില്‍ എടുക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തിന്റെ അംഗീകാരം ലഭിച്ചവയാണ് എന്‍ 95 മാസ്‌കുകള്‍. ഇത് മാസ്‌കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് ധരിക്കുന്നത് ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. അങ്ങനെയുണ്ടായാല്‍ ചികിത്സ തേടണം.

എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും എന്‍ 95 മാസ്‌കുകള്‍ ലഭ്യമാണ്. സര്‍ജ്ജിക്കല്‍ മാസ്‌കിനെക്കാള്‍ വില കൂടുതലാണ്. ഉപയോഗിച്ച മാസ്‌കുകള്‍ കത്തിച്ച് കളയാന്‍ ശ്രദ്ധിക്കണം. രോഗാണു പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അലക്ഷ്യമായിട്ടാല്‍ ശരീരത്തിലെക്കെത്താന്‍ കാരണമാകും.

കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് മാസ്‌കിന് ക്ഷാമം നേരിട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും മാസ്‌കിന് ക്ഷാമം നേരിട്ടപ്പോള്‍ മൂന്നും നാലും സര്‍ജ്ജിക്കല്‍ മാസ്‌കുകള്‍ ധരിച്ചായിരുന്നു ജീവനക്കാര്‍ ഉള്‍പ്പെടെ ജോലി ചെയ്തത്. കൂടുതല്‍ ആളുകള്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിച്ചതായിരുന്നു ക്ഷാമത്തിന് കാരണമായതെന്നായിരുന്നു വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in