വിഷ്ണുപ്രിയ മാറിനിന്നത് കുടുംബ വഴക്കിനെ തുടര്‍ന്ന്, ദുരൂഹമായി ഒന്നുമില്ലെന്ന് പൊലീസ്, കോടതിയില്‍ ഹാജരാക്കി വിട്ടയക്കും
Around us

വിഷ്ണുപ്രിയ മാറിനിന്നത് കുടുംബ വഴക്കിനെ തുടര്‍ന്ന്, ദുരൂഹമായി ഒന്നുമില്ലെന്ന് പൊലീസ്, കോടതിയില്‍ ഹാജരാക്കി വിട്ടയക്കും

THE CUE

THE CUE

വയനാട് സ്വദേശി ശിവജിയുടെ മകള്‍ വിഷ്ണുപ്രിയയെ കാണാതായ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ചോറ്റാനിക്കര പൊലീസ്. കുടുംബ പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടി രണ്ടുദിവസം മാറിനില്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊല്ലത്ത് നിന്നാണ് പൊലീസിന് വിഷ്ണുപ്രിയയെ കണ്ടുകിട്ടിയത്, പിന്നീട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മൊഴിയെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയക്കുമെന്നും പൊലീസ് അറിയിച്ചു. ബന്ധുക്കള്‍ വിഷ്ണുപ്രിയയ്ക്ക് ഒപ്പമുണ്ട്.

അച്ഛനും അമ്മയും വേറിട്ടാണ് താമസമെന്നത് കുട്ടിക്ക് മാനസിക വിഷമുണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ചോറ്റാനിക്കരയില്‍ താമസിക്കുന്ന അമ്മയെ കാണാന്‍ എത്തിയപ്പോള്‍ വഴക്കുണ്ടായതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി വയനാട്ടിലേക്ക് മടങ്ങാതിരുന്നത്. ട്രെയിനുകള്‍ മാറി മാറി കയറി രണ്ട് ദിവസമായി സഞ്ചരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ചോറ്റാനിക്കരയുള്ള അമ്മവീട്ടില്‍ നിന്നും വയനാട് കാക്കവയലിലുള്ള വീട്ടിലേക്ക് വെള്ളിയാഴ്ച രാത്രിയില്‍ തിരിച്ചതാണ് വിഷ്ണുപ്രിയ. ശനിയാഴ്ച രാവിലെ ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. എന്നാല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പലവഴിക്കും അന്വേഷിച്ച് രക്ഷയില്ലാതെയായതോടെയാണ് അച്ഛന്‍ ശിവജി ഫേസ്ബുക്കില്‍ ഫോട്ടോസഹിതം പോസ്റ്റിട്ടത്. നീല ചുരിദാറാണ് കുട്ടി ധരിച്ചിരിക്കുന്നതെന്നും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഫോണ്‍ നമ്പറും നല്‍കിയിരുന്നു.

ഞായറാഴ്ച രാത്രിയില്‍ കൊല്ലത്ത് നിന്നാണ് പൊലീസ് ഒടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ ട്രെയിനിലെത്തിയ പെണ്‍കുട്ടിയെ കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

താന്‍ ട്രെയിനില്‍ കൊല്ലത്തേക്ക് വരുന്നതായി കാണിച്ച് ചടയമംഗലത്തുള്ള ഫേസ്ബുക്ക് സുഹൃത്തിന് പെണ്‍കുട്ടി മെസേജ് അയച്ചിരുന്നു. ഈ വിവരം യുവാവ് പൊലീസില്‍ അറിയിച്ചതാണ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിന് വഴിയൊരുക്കിയത്.

കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനില്‍ നിന്നും കൊല്ലം ഈസ്റ്റ് പൊലീസ് വിഷ്ണുപ്രിയയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് വനിതാ സെല്ലിലേക്ക് കുട്ടിയെ കൊണ്ടുപോകുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ചോറ്റിനിക്കരയില്‍ നിന്നും പൊലീസ് എത്തി കുട്ടിയെ കൊണ്ടുവരികയും ചെയ്തു.

The Cue
www.thecue.in