കേരളത്തില്‍ ബിജെപിയെ അക്കൗണ്ട് തുറക്കാതെ തോല്‍പ്പിക്കുന്നത് യുഡിഎഫ് എന്ന് വേണു ബാലകൃഷ്ണന്‍

കേരളത്തില്‍ ബിജെപിയെ അക്കൗണ്ട് തുറക്കാതെ തോല്‍പ്പിക്കുന്നത് യുഡിഎഫ് എന്ന് വേണു ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് രൂപകല്‍പന ചെയ്ച യുഡിഎഫിന്റെ ആ ഉറച്ച രൂപഘടന പൊളിക്കാനാണ് സിപിഎമ്മിനൊപ്പം ബിജെപിയുടേയും ശ്രമം. കേരളത്തില്‍ ബിജെപിക്ക് വളരണമെങ്കില്‍ അത് യുഡിഎഫിന്റെ വോട്ടുശക്തിയെ ദുര്‍ബലപ്പെടുത്തിയേ കഴിയൂ. സിപിഎമ്മിന് ഭരണത്തുടര്‍ച്ച കിട്ടാനും ബിജെപിക്ക് അക്കൗണ്ട് തുറക്കാനും വേണ്ടത് ഒരേയൊരു കാര്യമാണ്. കോണ്‍ഗ്രസ് രൂപകല്പന ചെയ്ത യുഡിഎഫിന്റെ ഘടന പൊളിക്കുക.

കേരളത്തില്‍ ബിജെപിയെ അക്കൗണ്ട് തുറപ്പിക്കാതെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത് യുഡിഎഫ് ആണെന്ന് മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് രൂപകല്‍പ്പന ചെയ്ത യുഡിഎഫ് ഘടനയെന്ന ഉറച്ച കോട്ടയാണ് കേരളത്തില്‍ ബിജെപിയെ തടഞ്ഞുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നാണ് വേണു ബാലകൃഷ്ണന്‍ വിശകലനം ചെയ്യുന്നത്. ഇന്ത്യയിലെവിടെച്ചെന്നാലും അദ്ഭുതങ്ങള്‍ കാട്ടുന്ന അമിത് ഷായുടെ തന്ത്രങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ കൊടുമ്പിരിക്കൊള്ളുന്ന വ്യക്തിപ്രഭാവത്തിനും കേരള ബിജെപിയെ കരകയറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അത് യു.ഡി.എഫ്. എന്ന ഉറച്ച കോട്ട തടഞ്ഞു നിര്‍ത്തുന്നത് കൊണ്ടാണെന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മാത്യഭൂമി പ്രൈം ന്യൂസ് അവതാരകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ വേണു ബാലകൃഷ്ണന്‍ അക്കമിട്ട് നിരത്തുന്നു.

കോണ്‍ഗ്രസ് മുന്‍നിര്‍ത്തിക്കൊണ്ടു പോകുന്ന ഈ കോമ്പിനേഷന്‍ പൊളിക്കണമെന്ന ബോധ്യമാണ് സിപിഎമ്മിന്റെ പല നീക്കങ്ങള്‍ക്കും പിന്നിലെന്ന് വേണു പറയുന്നു. ഇപ്പോള്‍ സിപിഎം ഒറ്റയ്ക്കല്ല ഇക്കാര്യത്തിലെന്നും ബിജെപിയുടേയും ലക്ഷ്യം ഈ യുഡിഎഫ് ഘടന പൊളിക്കുകയാണെന്നും വേണു പറയുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിരാഷ്ട്രീയഘടനയെ പലവുരു പൊളിക്കാന്‍ ശ്രമിച്ചതാണ് സിപിഎം. ലീഗിനെ വര്‍ഗീയപ്പാര്‍ട്ടിയെന്ന് ഇന്നും വിമര്‍ശിക്കുന്നതില്‍ മടികാട്ടാത്ത സിപിഎം അടവുനയം ഉള്‍പ്പെടെ എന്തൊക്കെ തന്ത്രങ്ങളിലൂടെയാണ് ലീഗുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരിച്ചിട്ടുള്ളത്. മാണിയെ പിടിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ക്കും അധികംപഴക്കമില്ല. ഭരണത്തുടര്‍ച്ച വേണമെങ്കില്‍ കോണ്‍ഗ്രസ് മുന്‍നിര്‍ത്തിക്കൊണ്ടു പോകുന്ന ഈ കോമ്പിനേഷന്‍ പൊളിക്കണമെന്ന ബോധ്യമാണ് സിപിഎമ്മിനെ ഇത്തരം നീക്കങ്ങള്‍ക്ക് അവിശ്രമം പ്രേരിപ്പിക്കുന്നത്.എന്നാല്‍, ഇക്കാര്യത്തില്‍ സിപിഎം ഇപ്പോള്‍ ഒറ്റയ്ക്കല്ല. ബിജെപിയും ഇതേ ആഗ്രഹം വെച്ചു പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ ബി.ജെ.പി.ക്ക് വളരണമെങ്കില്‍ അത് യുഡിഎഫിന്റെ വോട്ടുശക്തിയെ ദുര്‍ബലപ്പെടുത്തിയേ കഴിയൂ. അമിത് ഷാ ഇവിടെ വരുമ്പോഴെല്ലാം ബിജെപി നേതാക്കളോടു പറയുന്ന കാര്യം ബിജെപി വളരണമെങ്കില്‍ എന്‍എസ്എസും ക്രിസ്ത്യന്‍സഭകളും കൂടെ വേണമെന്നാണ് അതാണ് കേരളത്തില്‍ ആദ്യം അക്കൗണ്ട് തുറക്കാനും പിന്നെ ഭരണം പിടിക്കാനുമുള്ള ഏകമാര്‍ഗമെന്നും അമിത് ഷായ്ക്കറിയാം.

സിപിഎമ്മിന് ഭരണത്തുടര്‍ച്ച കിട്ടാനും ബിജെപിക്ക് അക്കൗണ്ട് തുറക്കാനും വേണ്ടത് ഒരേയൊരു കാര്യമാണെന്നും അത് കോണ്‍ഗ്രസ് രൂപകല്പന ചെയ്ത യുഡിഎഫിന്റെ ഘടന പൊളിക്കുകയാണെന്നും വേണു ബാലകൃഷ്ണന്‍ പറഞ്ഞുവെക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദത്തിലൂടെ ബിജെപിക്ക് ഉണ്ടായേക്കാവുന്ന രാഷ്ട്രീയമേല്‍ക്കോയ്മ പ്രബല എതിര്‍ ചേരിയായ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്ന് സിപിഎം കണക്കുകൂട്ടിയെന്നും വേണു വിശകലനം ചെയ്യുന്നു. പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ ഹിന്ദു അനുഭാവി വോട്ടുശക്തിയെ. മറുവശത്ത് കറകളഞ്ഞ മോദിവിരുദ്ധതയിലൂടെ യുഡിഎഫില്‍നിന്ന് അടര്‍ത്തിയെടുത്തുകൊണ്ടുവന്ന ന്യൂനപക്ഷവോട്ടുകള്‍ അതേപടി നിലനിര്‍ത്താന്‍ കഴിയുമെന്നും സിപിഎം വ്യാമോഹിച്ചുവെന്നും നിരീക്ഷണം.

വെറും പത്തുശതമാനംമാത്രം വോട്ട് 2014-ല്‍ നേടിയ ബിജെപി വലിയ ഭീഷണിയായി ചിത്രീകരിക്കപ്പെട്ടു. കോണ്‍ഗ്രസ് അണികള്‍ കൊടിപിടിക്കാതെ ബിജെപിയില്‍ എത്തിയെന്ന പ്രചാരണം സിപിഎം അഴിച്ചുവിട്ടു. നേതാക്കന്മാരെല്ലാം നാളെ ബിജെപിയാകുമെന്ന് ആവര്‍ത്തിച്ചു. ബിജെപിയെ നേരിടുന്നത് തങ്ങള്‍ മാത്രമാണെന്ന് പോലീസ് നടപടികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സ്ഥാപിക്കാന്‍ ശ്രമിച്ചു.

സിപിഎമ്മിന്റെ ഈ തന്ത്രം ബിജെപിയെ വളര്‍ത്താനും മതേതരചേരിയെ ഇല്ലാതാക്കാനുമേ ഉപകരിക്കൂ എന്ന് യുഡിഎഫ് പലവട്ടം പറഞ്ഞിട്ടും സര്‍ക്കാരും സിപിഎം നേതൃത്വവും അതു ചെവിക്കൊണ്ടില്ലെന്നും വേണു പറയുന്നു.

പിന്നീട് സുവര്‍ണാവസരവും പതിനെട്ടാംപടിയിലെ കോമാളിത്തരങ്ങളും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് സെക്രട്ടേറിയറ്റിലേക്കുള്ള ബി.ജെ.പി.യുടെ സമരപ്പന്തല്‍ മാറ്റവുമെല്ലാം ഒന്നിനു പിറകേ ഒന്നായി സംഭവിച്ചപ്പോഴാണ് ഒത്തുകളി രാഷ്ട്രീയത്തിന്റെ അപകടം തുറന്നുകാട്ടപ്പെട്ടത്.

അല്ലെങ്കില്‍ ബംഗാളില്‍ കണ്ടതുപോലെ ശബരിമല ഇളക്കിയ ഹിന്ദുവോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിയിലേക്ക് ഒഴുകിയേനെ. ഇപ്പോള്‍ത്തന്നെ അവരുടെ വോട്ട് വര്‍ധന പല മണ്ഡലങ്ങളിലും അതിശയിപ്പിക്കുന്നതാണ്. ബി.ജെ.പി.ക്ക് ഒറ്റയ്ക്കുതന്നെ വലിയ മൂന്നാമത്തെ കക്ഷിയെന്ന വോട്ടുവിഹിതം അതു നേടിക്കൊടുത്തിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടുവിഹിതം സിപിഎമ്മിനും ഈ തീക്കളി സമ്മാനിച്ചു. വിശ്വാസത്തിന്റെ മറവില്‍ കുടിലമായ രാഷ്ട്രീയതന്ത്രം ഒരുക്കിയവരെ ശിക്ഷിക്കുക എന്ന മതേതരബോധ്യമാണ് വിധിയെഴുതിയ നാളില്‍ കേരളം പ്രകടിപ്പിച്ചതെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് ഒത്തുകളിച്ചവര്‍ക്കുള്ള ശിക്ഷയും ഒരേപോലെയായത്. ഒരാള്‍ക്ക് ഒരു സീറ്റും മറ്റേയാള്‍ക്ക് പൂജ്യവും.

രാഹുലിന്റെ വയനാടന്‍ സ്ഥാനാര്‍ഥിത്വമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഈടുവെപ്പ് നല്‍കിയിരിക്കുന്നതെന്നും വേണു ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നുണ്ട്. പതിറ്റാണ്ടുകള്‍ മായാതെ കിടക്കാന്‍ പോകുന്ന ഒരു സാഹോദര്യത്തിന്റെ ഇഴപാകിക്കൊണ്ടാണ് രാഹുല്‍ വയനാടിനെ ഡല്‍ഹിയില്‍ പ്രതിനിധാനം ചെയ്യാന്‍ പോകുന്നത്. രാഹുലിനെ ഇനി ഒരു ഉത്തരേന്ത്യന്‍ നേതാവായി കേരളത്തിനുകാണാന്‍ കഴിയില്ലെന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ലേഖനത്തില്‍ വേണു ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം- മാതൃഭൂമി

Related Stories

No stories found.
logo
The Cue
www.thecue.in