താലിബാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ജമാഅത്തെ ഇസ്ലാമി,ഇസ്ലാമിന്റെ ഭരണവ്യവസ്ഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം

താലിബാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ജമാഅത്തെ ഇസ്ലാമി,ഇസ്ലാമിന്റെ ഭരണവ്യവസ്ഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന് ഇസ്ലാമിന്റെ ഉദാരവും അനുകമ്പാപൂര്‍ണവുമായ ഭരണവ്യവസ്ഥ ലോകത്തിനു മുമ്പില്‍ പ്രായോഗിക ഉദാഹരണമായി അവതരിപ്പിക്കാനുള്ള അവസരമാണ് കൈവന്നിട്ടുള്ളതെന്ന് ജമാ അത്തെ ഇസ്ലാമി. ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ താലിബാനു നേരെയാണ്. അവരുടെ നടപടികളും സ്വഭാവവും ലോകം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

ഇസ്ലാം സമാധാനവും ക്ഷേമവുമാണ് മുമ്പോട്ടുവയ്ക്കുന്നത് എന്നതാണ് വസ്തുത. മതം വിശ്വാസസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടേത് അടക്കം എല്ലാവിഭാഗം ആളുകളുടെയും ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നത് ഇസ്ലാം പരമപ്രധാനമായി കണക്കാക്കുന്നു. വനിതകളുടെ അവകാശത്തെ കുറിച്ചും ഇസ്ലാം സൂക്ഷ്മസംവേദിയാണ്. പുതിയ ഭരണാധികാരികള്‍ ഇസ്ലാമിന്റെ ഈ അധ്യാപനങ്ങള്‍ നിഷ്‌കര്‍ഷയോടെ പിന്തുടര്‍ന്ന് ലോകത്തിന് മാതൃകയാകണമെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി

താലിബാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ജമാഅത്തെ ഇസ്ലാമി,ഇസ്ലാമിന്റെ ഭരണവ്യവസ്ഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം
സര്‍ട്ടിഫിക്കറ്റുകള്‍ ഒളിപ്പിക്കാന്‍ ഒരിടം തപ്പുകയാണ്; കാബൂളിലെ വീട്ടില്‍ നിന്ന് അഫ്ഗാന്‍ യുവതി ദ ക്യുവിനോട്

ജമാ അത്തെ ഇസ്ലാമിയുടെ പ്രസ്താവനയില്‍ നിന്ന്

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയമാറ്റങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട അശാന്തിയും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ച് രാജ്യത്ത് ശാന്തിയും മേഖലയില്‍ ക്രമസമാധാനവും കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനാവുമെന്നും പ്രത്യാശിക്കുന്നു. ഇരുപത് വര്‍ഷം മുമ്പ് സൈനിക നടപടിയിലൂടെ അഫ്ഗാന്‍ സര്‍ക്കാറിനെ നിഷ്‌കാസിതമാക്കിയതും അധിനിവേശ-കൊളോണിയല്‍ ശക്തികള്‍ നിരപരാധികളായ സിവിലിയന്മാര്‍ക്കു നേരെ നടത്തിയ നിഷ്ഠുരതകളും ബോംബ് വര്‍ഷവും സമീപകാല ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ അധ്യായമായിരുന്നു. വൈദേശിക ശക്തികളുടെ ആഗ്രഹങ്ങള്‍ അഫ്ഗാന്‍ ജനതയ്ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നിരന്തരശ്രമങ്ങള്‍ അങ്ങേയറ്റം അധിക്ഷേപാര്‍ഹവും. അഫ്ഗാനികളുടെ പോരാട്ടവും അക്ഷീണയത്നവുമാണ് സാമ്രാജ്യത്വ ശക്തികളെ അവരുടെ നാട്ടില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. ഇതില്‍ നിന്ന് അധിനിവേശ ശക്തികള്‍ പാഠം പഠിക്കേണ്ടതുണ്ട്. തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ ദരിദ്രരാഷ്ട്രങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അനാവശ്യ നയങ്ങളില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയും വേണം. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ഇതില്‍ നിന്ന് പാഠം പഠിക്കണം. ദുര്‍ബല രാഷ്ട്രങ്ങള്‍ക്കു മേല്‍ വന്‍ശക്തികള്‍ ഇടപെടുന്നതിനെതിരെ ശക്തമായ നടപടികള്‍ക്ക് രൂപം നല്‍കണം. അഫ്ഗാനില്‍ രക്തച്ചൊരിച്ചിലില്ലാതെ സമാധാനപരമായി അധികാരക്കൈമാറ്റം നടക്കുമെന്നാണ് പ്രതീക്ഷ.

ഭയരഹിതവും സമാധാനനിര്‍ഭരവുമായ, എല്ലാവര്‍ക്കും വികസിക്കാന്‍ തുല്യ അവസരമുള്ള ഇസ്ലാമിക് വെല്‍ഫയര്‍ സ്റ്റേറ്റ് ആയിരിക്കണം ലക്ഷ്യം. ഇസ്ലാമിന്റെ സംവാദസ്വഭാവം ഉള്‍ക്കൊള്ളുന്ന, ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറായിരിക്കും അഫ്ഗാനില്‍ അധികാരത്തില്‍ വരിക എന്ന് പ്രതീക്ഷിക്കുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരെയും പ്രതിനിധീകരിക്കുന്ന, അഫ്ഗാന്‍ ജനതയുടെ ഐക്യവും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന സര്‍ക്കാറായിരിക്കണം അധികാരത്തില്‍ വരേണ്ടത്. സിഖ്, ഹിന്ദു മതവിഭാഗങ്ങള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് സമാധാനം ഉറപ്പുവരുത്താന്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതും ലോകരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കൂടിയാലോചനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണ്.

ഇന്ത്യയുമായി അഫ്ഗാന് സുദീര്‍ഘവും ആരോഗ്യപൂര്‍ണവുമായ ബന്ധമാണുള്ളത്. അഫ്ഗാനിലെ വികസനപ്രവര്‍ത്തനങ്ങളില്‍ സമീപകാലത്ത് ഇന്ത്യ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുണ്ട്. അഫ്ഗാനുമായുള്ള ഊഷ്മള ബന്ധം തുടരുമെന്നും ശക്തിപ്പെടുമെന്നുമാണ് ഞങ്ങള്‍ കരുതുന്നത്. പുതിയ അഫ്ഗാന്‍ സര്‍ക്കാറുമായി ആരോഗ്യകരമായ ബന്ധത്തിന് തുടക്കം കുറിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്ന് ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ദക്ഷിണേഷ്യയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി അഫ്ഗാന്‍ വികസനത്തിലും ഇന്ത്യയ്ക്ക് പങ്കാളിത്തം വഹിക്കാനാകും.

(പ്രസ്താവനക്ക് കടപ്പാട് - മീഡിയവണ്‍ ഓണ്‍ലൈന്‍)

Related Stories

No stories found.
logo
The Cue
www.thecue.in